nadha
nadha


കോഴിക്കോട്: ജില്ലയിലെ പാർട്ടി പ്രവർത്തകർക്ക് ആവേശംപകരാൻ ബി.ജെ.പി.ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദ എത്തുന്നു. നാളെ വൈകീട്ട് നാലിന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനം നദ്ദ ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി ജില്ലാപ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശീയ അദ്ധ്യക്ഷനായതിന് ശേഷം ആദ്യമായാണ് ജെ.പി.നദ്ദ കോഴിക്കോട്ട് പൊതു സമ്മേളനത്തിനെത്തുന്നത്. മലബാറിൽ വിശേഷിച്ച് കോഴിക്കോട് കേന്ദ്രീകരിച്ച് നടക്കുന്ന കേന്ദ്രവിരുദ്ധ-ദേശ വിരുദ്ധ പ്രവർത്തനങ്ങൾ ദേശീയ അദ്ധ്യക്ഷന്റെ ശ്രദ്ധയിൽപെടുത്തും. കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സർക്കാർ ഗൗരവത്തിലെടുക്കാത്ത സാഹചര്യത്തിൽ ഈ വിഷയത്തിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തും. ആഗോള ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടും ഈ കേസിൽ കൃത്യമായി അന്വേഷണം നടത്തിവന്ന ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ മാറ്റുകയാണുണ്ടായത്. പാർട്ടി അദ്ധ്യക്ഷൻ വഴി കേന്ദ്ര സർക്കാരിനെ ഈ കേസിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുമെന്നും സജീവൻ പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള ദേശീയ നിർവാഹക സമിതി അംഗം സി.പി. രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ, എ.പി.അബ്ദുളളക്കുട്ടി, ടോം വടക്കൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ തുടങ്ങിയ സംസ്ഥാന നേതാക്കളും പങ്കെടുക്കും. പതിനായിരത്തിലേറെ മഹിളാപ്രവർത്തകരുൾപ്പെടെ അര ലക്ഷത്തോളം പേർ സമ്മേളനത്തിൽ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ എം. മോഹനൻ, ഇ. പ്രശാന്ത് കുമാർ, വൈസ് പ്രസിഡന്റുമാരായ അഡ്വ. കെ.വി. സുധീർ, ടി. ദേവദാസ്, മേഖല ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.