കൽപ്പറ്റ: കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഫെഡറൽ തത്വങ്ങൾ ലംഘിച്ച് രാഷ്ട്രീയപ്രേരിതമായാണ് വയനാട് സന്ദർശനം നടത്തിയതെന്ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. യു.പി മോഡൽ ഇടപെടലുകൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്.
കേന്ദ്ര മന്ത്രിമാർ സംസ്ഥാനം സന്ദർശിക്കുമ്പോൾ സംസ്ഥാന അധികൃതരുമായി ആശയവിനിമയം മുൻകൂട്ടി നടത്താറുണ്ട്. സ്മൃതി ഇറാനിയുടെ സന്ദർശനത്തിൽ അതുണ്ടായില്ല. പരിപാടികൾ സംബന്ധിച്ച് അറിയിപ്പ് നൽകാൻപോലും തയ്യാറായില്ല. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് അധികൃതർ മന്ത്രിയുടെ ഓഫീസിലേക്ക് കത്ത് അയച്ചെങ്കിലും മറുപടി ഉണ്ടായില്ല.
ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ വയനാട് പിന്നാക്കമാണെന്ന മന്ത്രിയുടെ വാദം രാഷ്ട്രീയ പ്രേരിതമാണ്. വിവരങ്ങൾ പരിശോധിക്കാതെയാണ് വിമർശം. നേരത്തേ വയനാട് മെഡിക്കൽ കോളേജിന് ആസ്പിരേഷണൽ ഡിസ്ട്രിക്ട് പദ്ധതിയിൽ സഹായം ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം നിരസിക്കുകയായിരുന്നു. ജില്ലയിൽ സ്വകാര്യ മെഡിക്കൽ കോളേജുണ്ടെന്നും സർക്കാർ മെഡിക്കൽ കോളേജിന് ഫണ്ട് അനുവദിക്കാനാവില്ലെന്നുമായിരുന്നു മറുപടി.

വന്യജീവി–മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിൽ കേന്ദ്രത്തിന് ഉത്തരവാദിത്വമുണ്ട്. വനം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ്. എന്നിട്ടും ഒരു നടപടിയും ഇല്ല.
സ്മൃതി ഇറാനി ജനപ്രതിനിധികളെ വിശ്വാസത്തിലെടുക്കാത്ത നിലപാടാണ് സ്വീകരിച്ചത്. ജില്ലയിലെ എം.പി, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവരെ അറിയിക്കാതെയായിരുന്നു അവലോകന യോഗം. ഇത് കേന്ദ്ര മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്യലാണ്. ജില്ലയിൽ ആദിവാസി മേഖലകളിലടക്കം വൻ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതെല്ലാം മറച്ചുവച്ചാണ് പ്രസ്താവനകൾ നടത്തുന്നത്.

നേരത്തേ സുരേഷ് ഗോപി എം.പി കോളനികൾ സന്ദർശിച്ച് പദ്ധതികൾക്കായി നൽകിയ പണം എവിടെ നിന്നാണെന്ന് വ്യക്തമാക്കണം. ഇന്ധന വിലവർധനയിലൂടെ ലഭിക്കുന്ന കോർപറേറ്റ് ഫണ്ട് രാഷ്ട്രീയമുതലെടുപ്പിന് ഉപയോഗിക്കുകയാണോ എന്ന് സംശയമുണ്ടെന്നും എൽ.ഡി.എഫ് പ്രസ്താവനയിൽ പറഞ്ഞു.