കൽപ്പറ്റ: തെരുവുനായ്ക്കളിൽ പേ വിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെപ്പ് ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് കൽപ്പറ്റ നഗരസഭയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുണ്ടേരിയിൽ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെപ്പിന് തുടക്കമിട്ടത്.
പേപ്പട്ടി ആക്രമണത്തിൽ 32 പേർക്ക് ദിവസങ്ങളുടെ വ്യത്യാസത്തിൽ കടിയേറ്റ സാഹചര്യത്തിലാണ് കൽപ്പറ്റ നഗരസഭയിൽ തെരുവ് നായകൾക്ക് റാബീസ് വാക്സിൻ നൽകാൻ തീരുമാനിച്ചത്.
കൽപ്പറ്റ നഗരസഭയിലെ മുഴുവൻ ഡിവിഷനുകളിലും പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചാണ് കുത്തിവെപ്പ് നൽകുന്നത്. നായകളെ പിടികൂടുന്നതിൽ വിദഗ്ധരായ ആളുകളെ ഉപയോഗിച്ചാണ് കുത്തിവെപ്പ് നൽകുന്നത്.
കുത്തിവെപ്പ് നൽകുന്ന നായകളെ തിരിച്ചറിയാനായി ശരീരത്തിൽ പ്രത്യേക അടയാളം രേഖപ്പെടുത്തുന്നുണ്ട്. മുണ്ടേരിയിൽ സംഘടിപ്പിച്ച ആദ്യ ക്യാമ്പിൽ നിരവധി തെരുവ് നായ്ക്കൾക്കു വാക്സിൻ നൽകി.
ഒഴിഞ്ഞ കെട്ടിടങ്ങളിൽ ഉൾപ്പെടെ തമ്പടിക്കുന്ന നായകളെ വിദഗ്ധമായാണ് വലയിലാക്കുന്നത്.
വളർത്തു നായകൾക്കും ക്യാമ്പിൽ വാക്സിൻ നൽകുന്നുണ്ട്. കൽപ്പറ്റയിൽ അക്രമകാരികളായ മൂന്നു നായ്ക്കളിൽ പരിശോധന നടത്തിയപ്പോൾ മൂന്നിനും പേവിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുത്തിവെപ്പ് ആരംഭിച്ചത്.