വൈത്തിരി: വയനാട് ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. വാഹന ബാഹുല്യം കാരണം ബുധനാഴ്ച മണിക്കൂറുകളോളം ചുരത്തിൽ ഗതാഗത തടസ്സം ഉണ്ടായി. പെരുന്നാൾ ആഘോഷത്തിനായി വയനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തിയതാണ് ഗതാഗത തടസ്സത്തിന് കാരണമായത്. പെരുന്നാൾ ദിവസം കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് എത്തിയത്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പൊലീസും ഏറെ പണിപ്പെട്ടാണ് ഗതാഗതം നിയന്ത്രിച്ചത്.
വളവുകളിൽ വലിയ വാഹനങ്ങൾ വളവ് തിരിക്കാനായി കൂടുതൽ സമയമെടുക്കുന്നതും ഗതാഗത കുരുക്കിന് കാരണമായി. വ്യൂപോയിന്റിൽ വാഹന പാർക്കിംഗ് നിരോധിച്ചിട്ടും ഇവിടെ നിരവധി പേരാണ് വാഹനങ്ങൾ നിർത്തിയിട്ടത്.