വൈത്തിരി: വയനാട് ചുരത്തിൽ അമിത ഭാരം കയറിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറെ എ.ഗീത പറഞ്ഞു. അമിത ഭാരം കയറ്റി വരുന്ന വാഹനങ്ങൾ വയനാട് ചുരത്തിൽ ഗതാഗതക്കുരുക്കിനും മറ്റു പ്രശ്നങ്ങൾക്കും കാരണമാകുന്നുന്നത് ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ കോഴിക്കോട് ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തും. വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും കളക്ടർ പറഞ്ഞു. പാറക്കല്ല് അടർന്നു വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിന് ശേഷം വയനാട് ചുരത്തിൽ അമിത ഭാരം കയറ്റി എത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഇക്കാര്യം ശ്രദ്ധയിൽ പെടുത്തിയപ്പോഴായിരുന്നു കളക്ടറുടെ പ്രതികരണം.
വയനാട്ടിലേക്ക് നിർമാണ സാമഗ്രികളുമായി ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് എത്തുന്നത്. വാഹനങ്ങളുടെ ആധിക്യം ചുരത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ആകുമെന്ന ആശങ്കയുണ്ട്.