മേപ്പാടി: ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന. വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടർന്നാണ് മേപ്പാടി ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ് പ്രശാന്ത് കുമാർ, കെ.അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ മേപ്പാടിയിലെ മുഴുവൻ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയത്.

കമ്പളക്കാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച വിനോദസഞ്ചാരികൾ മേപ്പാടി കോട്ടപ്പടി വില്ലേജ് ഓഫീസിന് സമീപത്തെ മെസ്സ് ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. വിനോദസഞ്ചാരികളുടെ പരാതിയിൽ ന്യൂ മെസ്സ് എന്ന സ്ഥാപനം ആരോഗ്യ വിഭാഗം അടപ്പിച്ചു. ഈ സാഹചര്യത്തിലാണ് തുറന്നു പ്രവർത്തിച്ച 12 കടകളിൽ പരിശോധന നടത്തിയത്.

വൃത്തിഹീനമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ട മൂന്നു കടകൾക്ക് നോട്ടീസ് നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.എം ബിന്ദു, നിലീന, ബാലൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

മേപ്പാടിയിലെ ഹോട്ടലിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധന