kanoli-canal
kanoli canal

കോഴിക്കോട്: കനോലികനാൽ നവീകരണത്തിന് ചിറക് മുളയ്ക്കുന്നു. കനാൽസിറ്റിയെന്ന പേരിൽ 1118 കോടി മുടക്കിയുള്ള പദ്ധതിയുടെ പ്രാരംഭ പഠനത്തിനായി കൺസൾട്ടൻസിയെ നിയമിച്ചുകഴിഞ്ഞു. ഡി.പി.ആർ തയാറാവുന്ന മുറയ്ക്ക് എത്രയുംപെട്ടെന്ന് നവീകരണ നടപടികളുമായി മുന്നോട്ടുപോവും. കോഴിക്കോടിന്റെ കണ്ണീർപൊട്ടെന്നാണ് കുറേക്കാലമായി കനോലികനാലിന്റെ വിശേഷണം. നഗരത്തിന്റെ മാലിന്യം മുഴുവൻ ഏറ്റെടുത്ത് കറുത്തൊഴുകുന്ന കനാൽ. യഥേഷ്ടം മീനുകളുണ്ട്. പക്ഷെ നഗരത്തിലെ കനാലിൽ നിന്ന് ചൂണ്ടയിൽപോലും ആരും പിടിക്കാറില്ല. പേടിയാണ്. വർഷങ്ങളായുള്ള വാഗ്ദാനമാണ് കനോലികനാൽ നവീകരണം. കാത്തിരിപ്പിന് വിരാമമിട്ട് കനോലികനാൽ നവീകരണവുമായി സർക്കാർ മുന്നോട്ടുപോവുമ്പോൾ കോഴിക്കോടിന്റെ പ്രതീക്ഷയും ഏറുകയാണ്.
പൊതുരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടപ്പാക്കുന്ന 'കനാൽസിറ്റി'യുടെ പ്രരംഭ നടപടികൾ തുടങ്ങിയതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. നിലവിലുള്ള കനാൽ മാലിന്യങ്ങളെല്ലാം നീക്കി ആഴംകൂട്ടി വീതികൂട്ടി നവീകരിക്കാൻ കിഫ്ബി ധനസഹായത്തോടെയാണ് 1118 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകിയിരിക്കുന്നത്. കനാൽ വീതികൂട്ടി നവീകരിക്കുന്നതിനെതിരെ ചില ഭാഗങ്ങളിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പ്രതിഷേധങ്ങളെയെല്ലാം പരിഗണിച്ച് അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരംകണ്ട് കോഴിക്കോടിന്റെ സ്വപ്നപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്ക് പണം വകയിരുത്തി അംഗീകാരമായിക്കഴിഞ്ഞു. ഒരു കൺസൾട്ടൻസിയെ പ്രാരംഭ പഠനത്തിനായി നിയോഗിക്കുകയും ചെയ്തു. അവരുടെ റിപ്പോർട്ട് കിട്ടുന്നപക്ഷം ടെൻഡർ നടപടികളുമായി മുന്നോട്ടുപോകും. നിർമ്മാണം തുടങ്ങിയാൽ പൂർത്തിയാക്കാൻ ഒരു വർഷമാണ് ഉദ്ദേശിക്കുന്നത്.

കനോലി കനാലിനെ ആധുനിക നിലവാരത്തിൽ ടൂറിസത്തിനും ഗതാഗതത്തിനും അനുയോജ്യമായ രീതിയിൽ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 1848 ൽ മലബാർ ജില്ലാ കളക്ടറായിരുന്ന എച്ച്.വി കനോലി മുൻകൈയെടുത്താണ് പുഴകളെയും ജലാശയങ്ങളെയും കൂട്ടിയിണക്കി കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെ കനാലുകൾ നിർമ്മിച്ചത്. പിന്നീട് നിർമ്മാണത്തിന് മുൻകൈയടുത്ത കനോലിയുടെ പേരും ചേർത്ത് കനോലി കനാൽ എന്നറിയപ്പെട്ടു. അക്കാലത്തെ വിശാലമായ ജലഗതാഗത മാർഗമായി ഇത് മാറിയെങ്കിലും കാലക്രമേണ കനാൽ ഉപയോഗശൂന്യമായി. കൈയേറ്റങ്ങളും മാലിന്യനിക്ഷേപവും കാരണം കനാലിന്റെ നീരൊഴുക്കും ജലവാഹക ശേഷിയും കുറഞ്ഞു.
ഇടതുസർക്കാരിന്റെ ജലപാത വീണ്ടെടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. വെസ്റ്റ് കോസ്റ്റ് കനാൽ വികസനം എന്ന പേരിൽ കേരളത്തിലെ എല്ലാ കനാലുകളും വീണ്ടെടുത്ത് ജലപാത യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനമാണ് നടന്നുവരുന്നത്. തിരുവനന്തപുരം കോവളം മുതൽ കാസർഗോഡ് ബേക്കൽ വരെയാണ് ജലപാത വരുന്നത്. ചരക്ക് ഗതാഗതം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട സാദ്ധ്യതകൾ വർദ്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. കനോലി കനാൽ ജലപാതയുടെ മുഖ്യആകർഷണമാണ്.

നിലവിലുള്ള കനാൽ ആധുനികനിലവാരത്തിൽ നവീകരിക്കുമ്പോൾ അത് കനാലിന്റെ വീണ്ടെടുപ്പ് കൂടിയാവും. അതോടെ കോഴിക്കോട് ജില്ലയിലെ വെള്ളപ്പൊക്ക പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരമാകും.
ചരക്ക് ഗതാഗതത്തോടൊപ്പം തന്നെ മനോഹരമായ കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കനാൽതീരങ്ങളുടെ സൗന്ദര്യവൽക്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരവും ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുകയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

കനാൽവികസനത്തിന്റെ പേരിൽ കൈയേറ്റം അനുവദിക്കില്ല


കോഴിക്കോട്: കനോലികനാൽ നവീകരണത്തിന്റെ പേരിൽ പരിസരങ്ങളിലെ ഭൂമിയും വീടും സ്വത്തുവകകളും കൈയേറ്റം ചെയ്യാൻ അനുവദിക്കില്ലെന്ന് സമരസമിതി. കുണ്ടൂപ്പറമ്പ്-കൈപ്പുറംപാലം ഭാഗത്താണ് സമരസമിതിയുണ്ടാക്കി കനാൽ നവീകരണത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. നിലവിലുള്ള കനാൽ ആഴം കൂട്ടി മാലിന്യങ്ങൾ നീക്കം ചെയ്യുകയും ഭിത്തികൾ കെട്ടി ഉറപ്പിക്കുകയുമാണ് വേണ്ടത്. അല്ലാതെ വിശാലമായ ടൂറിസം പ്രോജക്ടിന്റെ ഭാഗമായി വർഷങ്ങളായി പരിസരത്ത് താമസിക്കുന്നവരുടെ വീടും പറമ്പുകളും ഏറ്റെടുത്തുള്ള ഒരു വികസനത്തെയും അനുവദിക്കില്ലെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.

ആശങ്ക വേണ്ട: മുഹമ്മദ് റിയാസ്


കോഴിക്കോട്: കനോലികനാൽ നവീകരണത്തിന്റെ ഭാഗമായ കനാൽ സിറ്റി കോഴിക്കോടിന്റെ സ്വപ്‌ന പദ്ധതിയാണ്. ആർക്കെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അതെല്ലാം പരിഹരിച്ച് മുന്നോട്ടുപോകും. കോഴിക്കോടിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ടൂറിസം വികസനത്തിലും ജലഗതാഗതത്തിലും നാഴികക്കല്ലാവും പദ്ധതിയെന്നും റിയാസ് പറഞ്ഞു.