p0lice
വള്ളിക്കാട് ബാലവാടിയിൽ വീട്ടിൽ കയറി അക്രമം കാണിച്ച പ്രതികളെ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ

വടകര: മുട്ടുങ്ങലിൽ കഴിഞ്ഞ ദിവസം വീട്ടിൽ കയറി സ്ത്രീകളുൾപ്പെടെ വീട്ടുകാരെയും പരിസരവാസികളെയും ആക്രമിച്ച സംഭവത്തിൽ പ്രതികളായ ആറു പേരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അക്രമം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കെ.ടി.ബസാർ സ്വദേശികളായ ആക്രമികളെക്കുറിച്ച് സൂചന ലഭിച്ച് മണിക്കൂറുകൾക്കകം പ്രതികളിലൊരാളായ വിഷ്ണു എന്ന് വിളിക്കുന്ന കാട്ടുനിലം കുനിയിൽ സാരംഗ്.ആർ. രവീന്ദ്രനെ കെ ടി ബസാറിൽ വെച്ചും കുന്നത്ത് താഴകുനി നിധിൻ രാജ്, കുന്നത്ത് താഴകുനി ജിഷ്ണു, കുനിയിൽതാഴ അക്ഷയ് സുരേന്ദ്രൻ, കാട്ടുനിലം കുനിയിൽ സായന്ത് കുമാർ, മടപ്പള്ളി കോളേജ് സ്വദേശി കൃഷ്ണകൃപ വീട്ടിൽ സൗരവ് എന്നിവരെ മാഹി റെയിൽവേ സ്‌റ്റേഷൻ പരിസരത്തു വെച്ചുമാണ് പിടികൂടിയത്. വടകര എസ്.ഐ നിജീഷിന്റെ നേതൃത്വത്തിൽ എസ്.ഐ അഫ്സൽ, എസ്.സി.പി ഒ മാരായ പ്രജീഷ് പി, സജിത്ത് പി.ടി, അനീഷ് മെടോളി, ഷിനിൽ കെ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ആളുകളെ പരിക്കേൽപ്പിച്ചതിന് പുറമെ വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർക്കുകയുണ്ടായി.

ചൊവ്വാഴ്ച രാത്രിയാണ് ബാലവാടിയിലെ കയ്യാല രാജീവന്റെ വീട്ടിൽ കയറി ഒരു സംഘമാളുകൾ ആക്രമണം നടത്തിയത്. റെയിൽ ഗേറ്റിന് സമീപത്ത് ഇരു സംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. സംഘർഷത്തിൽ ഏർപ്പെട്ടവരുമായി രാജീവനും കുടുംബത്തിനും യാതൊരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. പ്രതികളുമായി സംഘർഷത്തിൽ ഏർപ്പെട്ട സംഘം രാജീവിന്റെ വീട്ടിൽ വന്നു എന്ന കാരണത്താൽ അക്രമം അഴിച്ചുവിടുകയായിരുന്നു.