പുൽപ്പള്ളി: കബനി തീരത്തെ കാട്ടാനശല്യത്തിന് പരിഹാരമായി നിർമ്മിച്ച തൂക്ക്‌ വേലി തകർത്തും കാട്ടാനകൾ നാട്ടിലേക്കിറങ്ങുന്നു. പെരിക്കല്ലൂർ മുതൽ ചാമപ്പാറ വരെയുള്ള ഭാഗത്താണ് ഫെൻസിങ് സ്ഥാപിച്ചിരിക്കുന്നത്. ബലമുള്ള തൂണുകൾ സ്ഥാപിക്കാത്തതാണ് ആനകൾ നാട്ടിലേക്കിറങ്ങാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
കർണാടക വനത്തിൽ നിന്നിറങ്ങുന്ന കാട്ടാനകൾ കബനിതീരപ്രദേശങ്ങളിൽ വൻ നാശമാണ് വിതയ്ക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് തൂക്കുവേലി നിർമിച്ചത്. കഴിഞ്ഞ ആഴ്ച പെരിക്കല്ലൂരിനടുത്ത വരവൂരിൽ വേലി തകർത്തിരുന്നു. കൊളവള്ളിക്കടുത്തും ആന വേലിത്തൂണുകൾ മറിച്ചിട്ടിരുന്നു. മഴക്കാലം തുടങ്ങിയാൽ ഈ തൂണുകൾ പലതും മറിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ പറയുന്നു. 70 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്.