കോഴിക്കോട്: ഫ്രഞ്ച് സ്ഥാപനമായ സിസ്ട്ര നടത്തിയ കെ- റെയിൽ സാദ്ധ്യതാ പഠനത്തിൽ അടിമുടി കൃത്രിമ കണക്കുകളാണ് അവതരിപ്പിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ മാനേജ്മെന്റ് മുൻ മേധാവി ഡോ.കെ.ജി താര.
ജനകീയ സംവാദ സമിതി നളന്ദ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'സിൽവർ ലൈൻ പദ്ധതി കേരളത്തിന് വികസനമാണോ വിനാശമാണോ ' സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
റോഡപകടത്തിൽ കേരളം ഒന്നാം സ്ഥാനത്താണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം അഞ്ചാ സ്ഥാനത്താണ്. കെ-റെയിൽ വന്നാൽ റോഡപകടങ്ങൾ കുറയുമെന്നാണ് റിപ്പോർട്ടിലുള്ളത്. സംസ്ഥാന സർക്കാറിന്റെ കണക്ക് പ്രകാരം റോഡപകടങ്ങളിൽ 53 ശതമാനവും ഇരുചക്ര വാഹനങ്ങളും കാൽനടക്കാരുമാണ് ഉണ്ടാക്കുന്നത്. ഇവരും കെ- റെയിലും തമ്മിൽ എന്ത് ബന്ധം.
ചൈനയിൽ പോലും ഹൈസ്പീഡ് ട്രെയിനുകൾ നഷ്ടത്തിലാണ്. ഇക്കാര്യം മറച്ച് വച്ചാണ് കേരളത്തിൽ ലാഭകരമായി നടത്താൻ സാധിക്കുമെന്ന റിപ്പോർട്ട് സമർപ്പിച്ചത്.
കെ- റെയിൽ വന്നാൽ കേരളത്തിൽ വെള്ളപ്പൊക്കവും കൂടുതൽ വരൾച്ചയും ഉരുൾപൊട്ടലും ഉണ്ടാവുമെന്നും അവർ പറഞ്ഞു.
ഈ പദ്ധതിയുമായി മുന്നോട്ട് പോകാനില്ലെന്ന് നീതി ആയോഗ് പറഞ്ഞിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ നൽകിയ തത്വത്തിലുള്ള അംഗീകാരം പിൻവലിക്കണമെന്നും സിസ്ട്രക്ക് വേണ്ടി ആദ്യം പഠനം നടത്തിയ റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് കുമാർ വർമ്മ പറഞ്ഞു.
താൻ കൊടുത്ത യഥാർത്ഥ പഠന റിപ്പോർട്ട് തള്ളി തട്ടിക്കൂട്ടി ഉണ്ടാക്കിയ പഠന റിപ്പോർട്ടാണ് സംസ്ഥാന സർക്കാർ അംഗീകരിച്ചത്. പദ്ധതി ചെലവ് കെ- റെയിൽ പറയുന്നതിന്റെ ഇരട്ടിയായിരിക്കുമെന്ന് നീതി ആയോഗ് പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഒന്നര ലക്ഷം കോടി കവിയും. പാതയുടെ 93 ശതമാനവും കടന്ന് പോകുന്നത് പരിസ്ഥിതി ദുർബല പ്രദേശത്ത് കൂടിയാണ്. ഇത് സംസ്ഥാനത്ത് വലിയ ദുരന്തങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ-റെയിൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു. പദ്ധതി നടപ്പിലായാൽ ധാരാളം നെൽവയൽ ഇല്ലാതാവും. ഇക്കാര്യത്തിൽ മന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.ആനന്ദ് മണിയും പ്രസംഗിച്ചു. എൻ.വി.ബാലകൃഷ്ണൻ മോഡറേറ്ററായി.