മേപ്പാടി: ആദിവാസി കോളനിയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. ചുണ്ടേൽ ആനപ്പാറ ഭൂസമര കേന്ദ്രം ഉൾപ്പെടുന്ന ആനപ്പാറ കോളനിയിൽ നിന്നാണ് പാമ്പു പിടുത്തത്തിൽ വിദഗ്ധനായ മാനു കുന്നമ്പറ്റ 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. കോളനിയിലെ കുടിലിനുള്ളിലായിരുന്നു പാമ്പ്.
നാട്ടുകാർ വനംവകുപ്പിൽ വിവരമറിയിച്ചതനുസരിച്ച് മാനുവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയായിരുന്നു.
പിടികൂടാനുള്ള ശ്രമത്തിനിടെ കുറ്റിക്കാട്ടിലേക്ക് നീങ്ങിയ പാമ്പിനെ ശാസ്ത്രീയമായ രീതിയിൽ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്നുവിട്ടു.
മാനു പിടികൂടുന്ന ഇരുപത്തിയഞ്ചാമത്തെ രാജവെമ്പാലയാണിത്.