കോഴിക്കോട് : കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സ്‌കൂൾ മിക്‌സഡ് ആക്കിയതിന്റെ പ്രഖ്യാപനവും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുകോടി രൂപ ചെലവഴിച്ചാണ് മികച്ച സൗകര്യങ്ങളോടെ ലാബ് ലൈബ്രറി കെട്ടിടം നിർമിച്ചത്. 1921ൽ സ്ഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്‌കൂൾ വിഭജിച്ച് 1961ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്‌കൂളിന് രൂപം നൽകുകയായിരുന്നു. 2022-23 അദ്ധ്യായന വർഷം മുതൽ ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം നേടാനാകും. പുതുതായി സ്‌കൂളിന് അനുവദിച്ച എസ്.പി.സി യൂണിറ്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടന്നു.
കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. നഗരസഭ ചെയർ പേഴ്‌സൺ സുധ കിഴക്കെപ്പാട്ട് സ്വാഗതവും പ്രിൻസിപ്പൽ എ.പി.പ്രബീത് നന്ദിയും പറഞ്ഞു.