പിടികൂടിയത് 30000 പാക്കറ്റ് ഹാൻസ്

വടകര: സ്കൂളുകൾ തുറക്കുന്നത് ലക്ഷ്യമിട്ട് ജില്ലയിലെത്തിച്ച നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി യുവാവ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശിയായ പുതിയോട്ടിൽ അഷറഫ് എന്ന റഫീക്ക് (45 ) ആണ് പിടിയിലായത്.

കോഴിക്കോട് എക്‌സൈസ് ഇന്റലിജന്റ്സിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂലിന്റെ രഹസ്യ വിവരപ്രകാരം വടകര എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.പി വേണുവും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഹാൻസ് കണ്ടെത്തി പിടികൂടിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചില്ലറ വിൽപനക്കായി കർണാടകത്തിൽ നിന്നും കടത്തിക്കൊണ്ടുവന്ന് സ്വന്തം പുരയിടത്തിൽ സൂക്ഷിച്ചു വെച്ച നിലയിലായിരുന്നു ഹാൻസ്പാക്കറ്റുകൾ. മുമ്പും ഇതേ കുറ്റം ചെയ്ത് പിഴ അടച്ച ആളാണെന്നും സ്‌കൂളുകൾ തുറക്കുന്നത് ലക്ഷ്യം വെച്ചാണ് ഇത്രയും ഹാന്‍സ് സൂക്ഷിച്ചു വെച്ചതെന്നും എക്‌സൈസ് ഉദ്യോഗസ്ഥ‌ർപറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.സി. കരുണൻ , പ്രിവന്റീവ് ഓഫീസർ ഗ്രയ്ഡ് സി.രാമകൃഷ്ണൻ ,സി.ഇ.ഒ മാരായ രാകേഷ് ബാബു ജി.ആർ, മുസ്ബിൻ ,വിനീത് എന്നിവർ പങ്കെടുത്തു