കുന്ദമംഗലം: പ്രഥമ കേരള ഒളിമ്പിക്സിൽ റഗ്ബി, സൈക്ലിങ്ങ് ഇനങ്ങളിൽ സ്വർണ്ണ പ്രതീക്ഷയിലാണ് മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാഡമിയിൽ നിന്നുള്ള താരങ്ങൾ. പതിനാറ് താരങ്ങൾ ഉൾപ്പെടുന്ന സംഘമാണ് വിജയപ്രതീക്ഷയുമായി കളത്തിലെത്തുന്നത്. വനിതകളുടെ വിഭാഗത്തിൽ റഗ്ബി ജില്ലാ ടീമിൽ മുഴുവൻ താരങ്ങളും സൈക്ലിംഗ് ടീമിൽ നാല് താരങ്ങളുമാണ് അക്കാ‌ഡമിയിൽ നിന്ന് പങ്കെടുക്കുന്നത്. ഈ വർഷം നടന്ന സബ്ജൂനിയർ സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണമെഡലും സീനിയർ വിഭാഗത്തിൽ വെള്ളിമെഡലും നേടിയ ടീമിലെ അംഗങ്ങളാണിവർ. ജില്ലാ റഗ്ബി ടീമിനെ അക്കാഡമിയിൽ നിന്നുള്ള സീനിയർ താരം റിസ അഷ്റഫാണ് നയിക്കുന്നത്. കഴിഞ്ഞ മാസം ഒറിസ്സയിൽ വെച്ച് നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ വി.വി അനശ്രീ, ഫാത്തിമ നൈസ, പി.ഹഫീഫ ഷെറിൻ, കെ. ദൃശ്യ എന്നീ താരങ്ങളാണ് സൈക്ലിക്ക് മൽസരത്തിൽ പ്രതിനിധീകരിക്കുന്നത്. പി.മുഹമ്മദ് ആഷിഖ്, കെ.മുഹമ്മദ് ഫാരിസ് എന്നിവരാണ് ടീമുകളെ പരിശീലിപ്പിക്കുന്നത്. 8, 9 തിയതികളിൽ എൽ.എൻ.സി.പി ഗ്രൗണ്ടിലാണ് മൽസരം നടക്കുന്നത്. താരങ്ങൾക്കുള്ള യാത്രയയപ്പ് ചക്കാലക്കൽ ഹയർസെക്കണ്ടറി സ്ക്കൂൾ പ്രധാനാദ്ധ്യാപകൻ വി.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.