kunnamangalam-news
കുന്ദമംഗലത്ത് നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സുലഭം.

കുന്ദമംഗലം: നിരോധനങ്ങൾക്ക് പുല്ലു വില നൽകി കുന്ദമംഗലത്തും പരിസരപ്രദേശങ്ങളിലും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പാറിപ്പറക്കുന്നു. പ്ലാസ്റ്റിക് നിരോധനത്തിന് നിർമ്മാതാക്കളും കച്ചവടക്കാരും ഉപഭോക്താക്കളും പുല്ല് വിലയാണ് കൽപ്പിച്ചിരിക്കുന്നത്. അധികൃതരുടെ ഭാഗത്ത് നിന്നാകട്ടെ മൗനവും. ഇതോടെ വഴി​യോരകച്ചവടക്കാരും മറ്റു കടക്കാരും ഇത്തരം പ്ളാസ്റ്റി​ക് ബാഗുകൾ ഇഷ്ടംപോലെ ഉപയോഗി​ക്കുന്ന സ്ഥി​തി​യി​ലായി​.

മത്സ്യമാർക്കറ്റുകളിലടക്കം വിവിധ കളറുകളിലുള്ള നിരോധിത ക്യാരി ബാഗുകൾ പരസ്യമായി തൂക്കിയിടാൻ തുടങ്ങിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നാണ് ക്യാരി ബാഗ് രൂപത്തിൽ പ്ളാസ്റ്റിക്ക് കൂടുതലായി ജനങ്ങളിലേക്ക് എത്തുന്നത്. ഗ്രാമപഞ്ചായത്തുകളിൽ ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ കയറി പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നുണ്ടെന്നല്ലാതെ പ്ലാസ്റ്റിക് ഉപയോഗത്തിൽ ജനങ്ങൾ ഒരു കുറവും വരുത്തിയിട്ടില്ല.

2020 ജനുവരി ഒന്ന് മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം പ്രാവർത്തികമായെങ്കിലും പൂർണ്ണമായും നടപ്പിൽ വരുത്തുവാൻ ഇതപവരെ സാധിച്ചിട്ടില്ല. നിരന്തരവും കർശനവുമായ പരിശോധനകൾ ഇല്ലാത്തതാണ് പ്ളാസ്റ്റിക് ഉപയോഗം കൂടാൻ കാരണം. ആദ്യഘട്ടം നിയമ ലംഘനത്തിന് പിടിച്ചാൽ 10,000 രൂപയും രണ്ടാംവട്ടം 25,000 രൂപയും മൂന്നാം തവണ 50,000 രൂപയുമായിരുന്നു പിഴ. എന്നാൽ കൊവിഡിന് ശേഷം പ്ലാസ്റ്റിക് നിരോധനം എല്ലാവരും പാടേ മറന്നു. പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം തടയുവാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.