കൽപ്പറ്റ: മേപ്പാടി തുരങ്ക പാത വരുന്നതോടെ വയനാട് ജില്ലയുടെ മുഖഛായ മാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന കാർഷിക ഭക്ഷ്യമേള കൽപ്പറ്റ എസ് കെ എം ജെ സ്‌കൂൾ മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിക്കും പരിസ്ഥിതിക്കും കോട്ടംതട്ടാത്ത നിലയിലാവും തുരങ്ക പാത നിർമ്മിക്കുക. മലയോര ഹൈവെയുടെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.

വയനാട് പാക്കേജിന്റെ ഭാഗമായി ആറായിരം കോടി രൂപയുടെ വികസന പ്രവർത്തികൾ ആരംഭിച്ച് കഴിഞ്ഞു. ഇങ്ങിനെ വലിയ മാറ്റങ്ങളാണ് ജില്ലയിൽ സംഭവിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

വികസന നേട്ടങ്ങളെ വർഗ്ഗീയ വിഷം പടർത്തി തകർക്കാനുള്ള ശ്രമങ്ങൾ നാട്ടിൽ നടക്കുന്നുണ്ടെന്നും ജനകീയ വികസന നയം കൊണ്ട് വർഗ്ഗീയതയെ ചെറുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ മന്ത്രി സമ്മാനിച്ചു.
ഒ.ആർ.കേളു എംഎൽഎ യുടെ സന്ദേശം ചടങ്ങിൽ വായിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.കെ.നസീമ, ജസ്റ്റിൻ ബേബി, സി അസൈനാർ, ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ.രമേശ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജുനൈദ് കൈപ്പാണി, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, സബ് കലക്ടർ ആർ.ശ്രീലക്ഷ്മി, പിആർഡി മേഖലാ ഡെപ്യൂട്ടി ഡയരക്ടർ ഇ.കെ.പത്മനാഭൻ എന്നിവർ സംസാരിച്ചു. ജില്ലാ കലക്ടർ എ.ഗീത സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.മുഹമ്മദ് നന്ദിയും പറഞ്ഞു.

എല്ലാ ദിവസവും രാവിലെ 10.30 ന് പ്രദർശനം ആരംഭിക്കും. മെയ് 13 നാണ് സമാപനം.


'സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും': സെമിനാർ ഇന്ന്

സർക്കാർ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൽപറ്റയിൽ നടക്കുന്ന മെഗാമേളയിൽ ഇന്ന് രാവിലെ 11 ന് പൊലീസ് വകുപ്പ് നടത്തുന്ന 'സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ തട്ടിപ്പുകളും' എന്ന സെമിനാർ ജില്ലാ പൊലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്യും. സൈബർ ഇൻസ്‌പെക്ടർ പി.കെ.ജിജീഷ് വിഷയാവതരണം നടത്തും. വൈകുന്നേരം 3 ന് തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന വയനാട്പ്രകൃതി സംരക്ഷണവും നഗര ഗ്രാമാസൂത്രണവും എന്ന സെമിനാർ ഒ.ആർ.കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യും. റിട്ട.ടൗൺ പ്ലാനർ ജി.ശശികുമാർ വിഷയാവതരണം നടത്തും.

>>>

സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടി എന്റെ കേരളം മെഗാ എക്സിബിഷൻ പ്രദർശന വിപണന മേള മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു