news
വ്ലോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പാവണ്ടൂർ ജുമാമസ്ജിദ് ഖബ‌ർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുന്നു

കോഴിക്കോട്: പാവണ്ടൂർ ജുമാമസ്ജിദ് കബറിസ്ഥാനിൽ അടക്കം ചെയ്ത വ്ലോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുക്കാനും അബ്ദുൾ അസീസ് എത്തി. ദൗത്യം പൂർത്തിയാക്കി പ്രതിഫലം വാങ്ങാതെ മടങ്ങുമ്പോൾ വീണ്ടും ചരിത്രമായി. കഴിഞ്ഞ 40 വർഷമായി മൃതദേഹങ്ങൾ പ്രതിഫലം വാങ്ങാതെ ഒരു നിയോഗം പോലെ കൈകാര്യം ചെയ്യുന്ന അബ്ദുൾ അസീസ് സംസ്കരിച്ച മൃതദേഹം പുറത്തെടുക്കുന്നത് ഇത് 18ാം തവണയാണ്. ഇതുകൂടാതെ മൂവായിരത്തിലധികം മൃതദേഹങ്ങൾ ഈ 57 കാരൻ വേറെയും കൈകാര്യം ചെയ്തിട്ടുണ്ട്.നാല് ദിവസം മുമ്പാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശ്ശേരി ഡിവൈ.എസ്.പി ഒളവണ്ണ സ്വദേശിയായ അബ്ദുൾ അസീസിനെ സമീപിച്ചത്. വാഹനം അയക്കാമെന്ന് അറിയിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞ് സ്വന്തം ബൈക്കിൽ പറഞ്ഞ സമയത്തിന് മുമ്പേ എത്തുകയായിരുന്നു.

കബറിന്റെ മുകളിലെ സ്ളാബുകൾ മാറ്റി സാരി ഉപയോഗിച്ച് മൃതശരീരത്തിന് പോറലേൽപ്പിക്കാതെ പുറത്തെടുക്കുകയായിരുന്നു. പള്ളിയിലുള്ളവരുടെ സഹായത്തോടെ പിന്നീട് ആംബുലൻസിൽ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോവുകയായിരുന്നു.