പേരാമ്പ്ര: മരതേരി ഊടുവഴിയിൽവീടിനു നേരെ കല്ലേറ്. അക്രമത്തിൽ സ്ത്രീക്ക് പരിക്ക്.
മാവിലകണ്ടി ഷബീറിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി പതിനൊന്നരയോടെ കല്ലേറ് ഉണ്ടായത്. സംഭവം നടക്കുമ്പോൾ മൂന്നു സ്ത്രീകൾ മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ. കോൺഗ്രസ് പ്രവർത്തകരായ ഷബീറും അനുജന്മാരായ ഷമീർ, ഷാക്കിർ എന്നിവർ അടുത്തുള്ള ഗൃഹപ്രവേശനം നടക്കുന്ന വീട്ടിലായിരുന്നു. കല്ലേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു. പൊട്ടിത്തെറിച്ച ചില്ലുകൾ ദേഹത്ത് പതിച്ച് പരിക്കേറ്റ അലീമയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും നൊച്ചാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി, ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റി ,രാജീവ് രത്ന സാംസ്‌കാരിക വേദി സംയുക്തമായി ആവശ്യപ്പെട്ടു. അക്രമത്തിൽ പ്രതിഷേധിച്ച് വൈകന്നേരം ഊടുവഴിയിൽ കോൺഗ്രസ് കമ്മറ്റിയുടെ പേരിൽ പ്രതിഷേധ പ്രകടനവും ,പ്രതിഷേധ യോഗവും നടന്നു.