img20220507
മുക്കുപണ്ടം പണയം വച്ച കേസിലെ പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് എത്തിച്ചപ്പോൾ

മുക്കം: മുക്കുപണ്ടം പണയം വെച്ച് ബാങ്കുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിൽ പ്രതികളുമായി തെളിവെടുത്തു. പ്രതികളുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കി. ദളിത് കോൺഗ്രസ് ജില്ലാസെക്രട്ടറി വിഷ്ണു കയ്യൂണുമ്മൽ, മാട്ടുമുറിക്കൽ സന്തോഷ് കുമാർ എന്നിവരെയാണ് ഇന്നലെ കോടതിയിൽ ഹാജരാക്കിയത്. കൊണ്ടോട്ടി സ്വദേശിയാണ് മുക്കുപണ്ടം നൽകിയതെന്ന വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടിയിലെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചെങ്കിലും ആളില്ലാത്തതിനാൽ തിരിച്ചുപോരുകയായിരുന്നു. കേസിൽ ഉൾപ്പെട്ട കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത്, വിഷ്ണുവിനൊപ്പം അറസ്റ്റിലായ സന്തോഷ് കുമാർ, ജാമ്യത്തിലിറങ്ങിയ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനി എന്നിവർ നിരപരാധികളാണെന്നാണ് വിഷ്ണുവിന്റെ മൊഴി. ഇവരെ തെറ്റിദ്ധരിപ്പിച്ചാണ് ബാങ്കിലെത്തിച്ചതെന്ന് വിഷ്ണു പറയുന്നു.വെള്ളിയാഴ്ച കൊടിയത്തൂരിലെ ഗ്രാമീണ ബാങ്കിലും ശനിയാഴ്ച കാർഷിക ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിലും തെളിവെടുപ്പ് നടത്തി. പെരുമണ്ണ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വയ്ക്കുന്നതിനിടെ പിടിയിലായ ഇവർ ഇരുവരും കോഴിക്കോട് ജില്ലാജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഗ്രാമീണ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ നിന്ന് 24.26 ലക്ഷം രൂപയും കാർഷിക ഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യൻമുഴി ശാഖയിൽ നിന്ന് 7.2 ലക്ഷം രൂപയുമാണ് മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പു നടത്തിയത്.