rubber
rubber

കോഴിക്കോട്: റബറിന്റെ വില കുറവും സബ്സിഡി ലഭിക്കാത്തതും പാൽ കുറവും റബർ കർഷകരെ വലയ്ക്കുന്നു. റബറിന് നിലവിലെ വില 168 രൂപയാണ്. നേരത്തെ 200 -ലധികംവരെ വില ഉയർന്നിരുന്നു. 170 രൂപയിൽ താഴെ വിപണി വില കുറഞ്ഞാൽ ആ വില മുതൽ 170 വരെയുള്ള വിലയാണ് സബ്സിഡി ലഭിക്കുക. എന്നാൽ നഷ്ടം സഹിക്കുക എന്നല്ലാതെ 168 ൽ നിന്നും 170ലേയ്ക്കുള്ള രണ്ട് രൂപയ്ക്ക് വേണ്ടി റബർ ഉത്പാദക സംഘത്തിന്റെ ഓഫീസിൽ വിറ്റ ബിൽ എത്തിച്ച് ഇരട്ടിചെലവുണ്ടാക്കാൻ കർഷകർ മെനക്കെടാറില്ല. നിലവാരത്തിൽ ഫോർ ഷീറ്റും ഫൈവ് ഷീറ്റുമായാലേ സബ്സിഡിയും ലഭിക്കൂ. ലോട്ടിന് സബ്സിഡി ലഭിക്കുകയുമില്ല. വേനലും വേനൽ മഴയും റബർ പാൽ ഉത്പാദനത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്. റബറിന്റെ ഗുണനിലവാരത്തെയും ഇത് ബാധിക്കും. പിന്നെ എങ്ങനെ നല്ല ഷീറ്റ് കിട്ടുമെന്നാണ് കർഷകർ ചോദിക്കുന്നത്.

റബർ പാലെടുക്കാൻ തൊഴിലാളിയ്ക്ക് ഒരു മരത്തിന് 2 രൂപ നിരക്കിൽ നൽകണം. വില കുറവായതിനാൽ തൊഴിലാളികൾക്ക് ഇത് നഷ്ടവുമാണ്. റബറിന് 200 രൂപയെങ്കിലും ലഭിച്ചാലേ നഷ്ടമില്ലാതെ മുന്നോട്ടുപോകാനാകൂ. റബർ ഇറക്കുമതി മുൻ മാസത്തേതിനേക്കാൾ 30 ശതമാനം ഉയർന്നതാണ് വിപണി വിലയിൽ ഇടിവുണ്ടാക്കിയതെന്നാണ് കർഷകർ പറയുന്നത്. ആഭ്യന്തര വിപണിയിൽ റബറിന് വിലയുണ്ടെങ്കിലും കർഷകന് വില ലഭിക്കുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു. വേനൽമഴയിലും കാറ്റിലും റബർ മരങ്ങൾ ഒടിഞ്ഞുവീണും നാശം സംഭവിച്ചിരുന്നു.

 170 ൽനിന്നും രണ്ടോ മൂന്നോ വില മാത്രം കുറവായതിനാൽ കർഷകർ സബ്സിഡി വാങ്ങാൻ എത്താറില്ല. 200 എങ്കിലും കിട്ടിയാലെ കർഷകർക്ക് മുതലാവൂ.

സെബാസ്റ്ര്യൻ ഏറത്ത്,

കട്ടിപ്പാറ റബർ ഉത്പാദക സംഘം പ്രസിഡന്റ്

 റബർ വില ഇന്നലെ

റബർ ആർ.എസ്.എസ് 4- 168

റബർ ആർ.എസ്.എസ് 5- 155

ഒട്ടുപാൽ- 112