കോഴിക്കോട്: മത്സ്യ ലഭ്യതക്കുറവും രൂക്ഷമായ ഇന്ധന വിലവർദ്ധനവും മൂലം ദാരിദ്ര്യത്തിലായ കടലോര ജനതയെ രക്ഷിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്ന് അഖില കേരള ധീവരസഭ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മത്സ്യബന്ധനത്തിനായി ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ നൽകുമെന്ന സർക്കാരിന്റെ വാഗ്ദാനം ഒരു വർഷമായിട്ടും സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ നൽകുന്നത് പോലെ മണ്ണെണ്ണയും മറ്റും സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. ധീവര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുകയാണ്. കുടിശ്ശികയായ ലംപ്‌സം ഗ്രാന്റും സ്റ്റെപ്പന്റും ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ധീവരസഭ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്.ബാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.സുനിൽ മടപ്പള്ളി, എസ്.സോമൻ, കെ.വിവേകാനന്ദൻ, പി.മോഹനൻ , യു.ജയരാജൻ, പി.കെ.ജോഷി, രാജു കുന്നത്ത്, പി.പി.നാരായണൻ , പി.കെ.സുരേന്ദ്രൻ, ലത വടക്കേടത്ത് എന്നിവർ പ്രസംഗിച്ചു.