കുറ്റ്യാടി : ഗോൾഡ് പാലസ് ജുവല്ലറി തട്ടിപ്പുകേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഗോൾഡ് പാലസ് ജുവല്ലറി സമരസഹായ സമിതി ആവശ്യപ്പെട്ടു. 2021 ആഗസ്റ്റ് 26 നാണ് കുറ്റ്യാടി, കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിൽ ശാഖകളുള്ള ഗോൾഡ് പാലസ് ജുവല്ലറി സ്ഥാപനം നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച് ഉടമകൾ വിദേശത്തേക്കടക്കം രക്ഷപ്പെട്ടത്. 25 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിലെ പ്രതികളെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും മൂന്ന് ജുവല്ലറികളിൽ നിന്നുമായി നഷ്ടപ്പെട്ടുപോയ സ്വർണം കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പൂട്ടുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ മൂന്നു ജുവല്ലറികളിലായി ഇരുപത് കിലോയിലധികം സ്വർണ്ണം ഉണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കടകൾ പൂട്ടിയതിന് ശേഷം പൊലീസ് പരിശോധനയിൽ വളരെ കുറഞ്ഞ സ്വർണം മാത്രമേ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ.
പൂട്ടുന്നതിന്റെ തലേ ദിവസവും പൂട്ടുന്ന ദിവസവും ജ്വല്ലറി ഉടമകളുടെയും ജീവനക്കാരുടെയും ഒത്താശയോടെ നിരവധി പേർ ജുവല്ലറിയിൽ നിന്നും സ്വർണ്ണം എടുത്തുകൊണ്ട് പോയതായി കൊണ്ടുപോയവർ തന്നെ സമ്മതിച്ചിട്ടും അത് തിരിച്ചു വാങ്ങാനുള്ള നടപടിയോ, കൊണ്ടു പോയവരെ കണ്ടെത്താനോ പൊലീസിന് സാധിച്ചിട്ടില്ല. സംഭവം നടന്നിട്ട് ഒമ്പത് മാസം കഴിഞ്ഞിട്ടും തൊണ്ടിമുതൽ കണ്ടെത്താനാവാത്തത് ഇരകൾക്ക് നീതി നിഷേധിക്കപ്പെടാൻ കാരണമാകുമെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. യോഗത്തിൽ സമരസഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എ.എം റഷീദ്, എം കെ ശശി,സി എം ബാലകൃഷ്ണൻ, പി കെ സുരേഷ് , സി കെ അബു , മുഹമ്മദ് ബഷീർ കരണ്ടോട്, കെ പി അജിത്ത്, ബിജു ടി കെ, എൻ സി കുമാരൻ, എം പി കേളപ്പൻ, ആക്ഷൻ കമ്മിറ്റി നേതാക്കളായ ഇ എ റഹ്‌മാൻ, ജിറാഷ് പി, സുബൈർ പി കുറ്റ്യാടി, സലാം മാപ്പിളാണ്ടി എന്നിവർ സംസാരിച്ചു