5
ആദിവാസി ഊരുകളിൽ നിന്നെത്തിയ വിദ്യാർത്ഥികൾ കഥകളിവിദ്യാലയത്തിൽ നിന്ന് പരിശീലനം നടത്തുന്നു

കൊയിലാണ്ടി: കഥകളിയുടെ ബാലപാഠങ്ങൾ പഠിക്കാൻ കൊയിലാണ്ടി കഥകളി പഠന ശിബിരത്തിൽ പുതിയതായി ഉൾപ്പെടുത്തിയ ഓട്ടൻ തുള്ളൽ കളരിയിലേക്ക് ആദിവാസി സമൂഹത്തിൽ നിന്നും രണ്ടു പേർ. മാനന്തവാടി സ്വദേശികളായ ദേവ തീർത്ഥ പ്രഭാകർ,​പുണ്യ പ്രഭാകർ എന്നിവരാണ് പുതുതായി എത്തിയത്.

രണ്ടു പേരും പ്ലസ് ടുവിന് ശേഷം എൻട്രൻസ് പരിശീലനം നടത്തി വരികയാണ്. കണ്ണൂരിൽ ജയിൽ സൂപ്രണ്ടായി ജോലി ചെയ്തു വരുന്ന പ്രഭാകരൻ ടി.എ ,നിർമ്മലാ പ്രഭാകരൻ ദമ്പതികളുടെ മക്കളായ ഇവരോടൊപ്പം കൊളത്തൂർ ജി.എച്ച്.എസ്.എസ് അദ്ധ്യാപിക ബിജിയും തുള്ളൽ കളരിയിൽ പരിശീലനം നടത്തി വരുന്നു. ഓട്ടൻ തുള്ളൽ കലാകാരൻ പ്രഭാകരൻ പുന്നശ്ശേരിയുടെ ശിക്ഷണത്തിലാണ് ശിബിരത്തിൽ ഇവർ പരിശീലനം നടത്തുന്നത്. ശിബിര പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് 13 ,14 തിയതികളിൽ അരങ്ങേറുന്ന കലോത്സവത്തിൽ ഓട്ടൻ തുള്ളൽ ,രംഗത്ത് അവതരിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ വിദ്യാർത്ഥിനികൾ.ദിവസവും ചുരം കയറിയിറങ്ങി ശിബിരത്തിൽ പങ്കെടുത്തു വരുന്ന ഈ കുട്ടികൾ എല്ലാ കലാ പ്രവർത്തകർക്കും പ്രചോദനമായി മാറുകയാണ്.