വടകര: തണലില്ല, പൊരിവെയിലിൽ വാടിത്തളർന്ന് യാത്രക്കാർ. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡരികിലെ മരങ്ങളും സ്ഥാപനങ്ങളും പിഴുതു മാറ്റിത്തുടങ്ങിയതോടെ പൊരിവെയിൽ വിയർക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ. കച്ചവട വ്യവസായ സ്ഥാപനങ്ങളും പാർപ്പിടങ്ങളും കൂടെ ഒഴിപ്പിച്ച് തുടങ്ങിയതോടെ റോഡിൽ ഒരിടത്തും തന്നെ തണലില്ലാത്ത അവസ്ഥയാണ്. ചെറിയ ദൂരയാത്രക്കാർക്കൊപ്പം ദീർഘദൂര യാത്രക്കാരും അതാത് ബസുകൾ വരുന്നതും കാത്ത് കത്തുന്ന വെയിലിൽ മണിക്കൂറുകളോളമാണ് നിൽക്കുന്നത്. ആരോഗ്യ വകുപ്പ് സൂര്യാഘാതത്തിൽ നിന്ന് കരുതിയിരിക്കണമെന്ന് തുടർച്ചയായി മുന്നറിയിപ്പ് നല്കുന്നതിനിടയിലാണ് കൈകുഞ്ഞുങ്ങളുമായി പോലും ബസ് കാത്ത് നില്ക്കുന്ന യാത്രക്കാർ റോഡിൽ ഉരുകേണ്ടി വരുന്നത്.
വിവിധ സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികൾ നിർമ്മിച്ച കരുത്തുറ്റതും കമനീയമായതുമായ കാത്തിരിപ്പ് കേന്ദ്രങ്ങൾ തൽക്കാല സമയം വരെയെങ്കിലും പൊളിക്കാതെ നിലനിറുത്താമായിരുന്നു എന്നാണ് യാത്രക്കാർ പറയുന്നത്. മുമ്പ് ഈ റോഡരുകിൽ തണലേകിയവർ പലരും ഇവിടം വിട്ടു പോയിക്കഴിഞ്ഞു.
ഇനിയും എത്ര കാലം യാത്രക്കാരെ കത്തുന്ന വെയിലത്തും വരാൻ പോകുന്ന മഴയത്തും നിർത്തേണ്ടി വരുമെന്നും ആരാണ് ഒരു തണലേകുക എന്നുമാണ് നാട്ടുകാർ ചോദിക്കുന്നത്.