കൽപ്പറ്റ: ഫോറസ്റ്റ് ഓഫീസറുടെ അലക്ഷ്യമായ ഡ്രൈവിംഗ് കാരണമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് അരയ്ക്ക് താഴെ തളർന്ന കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടയാൾക്ക് നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നൽകാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ വയനാട് ഡി.എഫ്.ഒ യ്ക്ക് ഉത്തരവ് നൽകി. കുറ്റക്കാരായ വനം വകുപ്പുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ..ബൈജുനാഥ് ഡി.എം.ഒ ക്ക് നിർദ്ദേശം നൽകി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സമർപ്പിക്കണം.

2009 ഓഗസ്റ്റ് 10 ന് ബേഗൂർ ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാർ ഓടിച്ച ജീപ്പ് മറിഞ്ഞ് 2 പട്ടിക വർഗ്ഗക്കാർ മരിച്ച സംഭവത്തിലാണ് ഉത്തരവ്. പരാതിക്കാരനായ തിരുനെല്ലി കാട്ടിക്കുളം സ്വദേശി മുകുന്ദൻ സുഷുമ്നയ്ക്ക് ക്ഷതമേറ്റ് ശരീരം തളർന്ന് 12 വർഷമായി കിടപ്പിലാണ്. മുകുന്ദന് നഷ്ടപരിഹാരവും ലഭിച്ചില്ല. ബേഗൂർ റേഞ്ച് ഓഫീസർ എസ്.സജ്ന വിളിച്ച വനംവകുപ്പ് യോഗത്തിൽ പങ്കെടുക്കാൻ വിനോദ് കുമാറിന്റെ ജീപ്പിൽ പോയപ്പോഴായിരുന്നു അപകടം. വിനോദ് കുമാറിന്റെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകടത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

മാനന്തവാടി പട്ടികവർഗ്ഗ വികസന ഓഫീസർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരന് വികലാംഗ പെൻഷൻ നൽകുന്നുണ്ട്. ചികിത്സാ സൗകര്യത്തിന് വാഹനം ഏർപ്പെടുത്തി നൽകാറുണ്ട്. ഒരു സ്വകാര്യ വ്യക്തിയിൽ നിന്ന് വീൽചെയർ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് നഷ്ടപരിഹാരമോ ഇൻഷ്വറൻസോ നൽകിയിട്ടില്ല. വനം മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 50,000 രൂപ അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരന് നഷ്ടപരിഹാരവും ഭാര്യയ്ക്ക് ജോലിയും നൽകേണ്ടതാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.