സുൽത്താൻ ബത്തേരി: കൊവിഡ് കാലത്ത് നിർത്തിവച്ച സർവ്വീസുകളടക്കം തമിഴ്നാട്ടിലേക്കും, കർണാടകയിലേക്കുമുള്ള നാല് ബസ് സർവ്വീസുകൾ സുൽത്താൻബത്തേരി ഡിപ്പോയിൽ നിന്ന് പുനരാരംഭിച്ചു.

ബത്തേരിയിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് തമിഴ്നാട്ടിലെ പാട്ടവയൽ, ഗൂഡല്ലൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, പട്ടാമ്പി, കുന്നംകുളം വഴി 8.40ന് ഗുരുവായൂരിലെത്തുന്നതാണ് ഒരു സർവീസ്. ഇത് വെളുപ്പിന് 5.20 ന് പുറപ്പെട്ട് 12.30 ന് സുൽത്താൻ ബത്തേരിയിൽ തിരിച്ചെത്തിച്ചേരുന്ന രീതിയിലാണ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്.

മറ്റൊന്ന് സുൽത്താൻ ബത്തേരിയിൽ നിന്ന് രാവിലെ 7.20ന് പുറപ്പെട്ട് ചുള്ളിയോട്, താളൂർ, എരുമാട്, അയ്യംകൊല്ലി, നമ്പ്യാർകുന്ന് വഴി തിരികെ ബത്തേരിയിലെത്തുന്നതാണ്. മറ്റൊരു സർവീസ് രാവിലെ 7.35 ന് പുറപ്പെട്ട് നമ്പ്യാർകുന്ന്, അയ്യംകൊല്ലി, എരുമാട്, താളൂർ, ചുള്ളിയോട് വഴി തിരികെ സുൽത്താൻബത്തേരിയിൽ എത്തും.

കർണാടകയിലെ ഗുണ്ടൽപേട്ടയിലേക്ക് ദിനംപ്രതി മൂന്ന് സർവീസുകളും ബത്തേരിയിൽ നിന്ന് ആരംഭിച്ചിട്ടുണ്ട്. രാവിലെ ആറ് മണിക്കാണ് ഈ സർവീസുകൾ ആരംഭിക്കുന്നത്. ഗുരുവായൂർ കെഎസ്ആർടിസി സർവ്വീസിന്റെ ഉദ്ഘാടനം ബത്തേരി ഡിപ്പോയിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. ചടങ്ങിൽ ഒ.കെ.ശശീന്ദ്രൻ, ഹരിരാജൻ, സി.കെ ബാബു, സി.എം സുനിൽകുമാർ, ആർ.സുരേന്ദ്രൻ, ശരത്കൃഷ്ണനുണ്ണി എന്നിവർ സംബന്ധിച്ചു.