പേരാമ്പ്ര: കഴിഞ്ഞ ദിവസം ബാദുഷ ഹൈപ്പർ മാർക്കറ്റിൽ നടന്ന സംഘർഷത്തെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. വ്യത്യസ്ത പാർട്ടിയിൽ പെട്ട മൂന്ന് പേർ ഹൈപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങവെ സ്വാഭാവികമായുണ്ടായ ഒരു തർക്കം ജീവനക്കാർ ചേർന്ന് സാധനം വാങ്ങാനെത്തിയവരെ ക്രൂരമായി മർദ്ദിക്കുന്നതിൽ കലാശിക്കുകയായിരുന്നുവെന്നു അത് ഹലാൽ ബീഫ് വിൽപനക്കെതിരെയാണെന്ന് വരുത്തി തീർത്ത് എസ്.ഡി.പി.ഐ - സി.പി.എം കൂട്ടുകെട്ട് പേരാമ്പ്രയെ ബോധപൂർവം കലാപ ഭൂമിയാക്കാൻ ശ്രമിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. നിസാരമായ സംഭവം രാഷ്ട്രീയ മാനം നൽകി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന എസ് ഡി പി ഐ പ്രവർത്തകരാണെന്നും സ്ഥാപനം എസ്.ഡി.പി.ഐ തീവ്രവാദ ശക്തികളുടെ താവളമായി മാറിയെന്നു ബി.ജെ.പി ആരോപിച്ചു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാനൊ പൊലീസ് തയ്യാറാവാത്തതും പ്രതിഷേധാർഹമാണെന്നും ബി.ജെ.പി പറഞ്ഞു. കെ.കെ രജീഷ് അദ്ധ്യക്ഷത വഹിച്ചു. എം.മോഹനൻ , സുരേഷ് കണ്ടോത്ത്, തറമൽ രാഗേഷ്, കെ.രാഘവൻ , മോഹനൻ ചലിക്കര എന്നിവർ പ്രസംഗിച്ചു.