എടവക: വിവിധ രോഗങ്ങളാൽ ശയ്യാവലംബനായി ഒരു വർഷക്കാലം വീട്ടിൽ കഴിഞ്ഞു കൂടവെ സമയം തള്ളിനീക്കാൻ വാങ്ങിയ കൊച്ചു റേഡിയോയും അതുവഴി കമ്മ്യൂണിറ്റി റേഡിയൊ ആയ റേഡിയൊ മാറ്റൊലി പരിപാടികളും നൽകിയ ആശ്വാസം കാരക്കുനി കണ്ണമ്പള്ളി വീട്ടിലെ ബഷീറിന് മറക്കാനാവില്ല. കിടക്ക വിട്ടെഴുന്നേറ്റ ബഷീർ പിന്നീട് സമൂഹത്തിനായി നൽകിയ സേവനം ചരിത്രത്തിനു വഴിമാറുകയാണ്.

കിടപ്പു രോഗികൾക്കും, പൊതു സ്ഥാപനങ്ങൾക്കുമായി റേഡിയൊ സെറ്റുകൾ വാങ്ങി നൽകുന്ന തീവ്ര യജ്ഞത്തിലാണ് ബഷീർ ഇപ്പോൾ. ചുരുങ്ങിയ കാലത്തിനുള്ളിൽ അമ്പത് റേഡിയൊ സെറ്റുകളാണ് എടവക പഞ്ചായത്തിലെ വിവിധ വാർഡുകളിലായി ബഷീർ മുൻ കൈയെടുത്ത് വിതരണം ചെയ്തത്. അമ്പതാമത് റേഡിയൊ പള്ളിക്കൽ അങ്കണവാടിക്ക് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ബ്രാൻ അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. മെമ്പർ കെ.ഷറഫുന്നീസ, കെ.ബഷീർ, കെ.വി.ജലാലുദ്ദീൻ, സി.എച്ച്.അബ്ദുൽ റഹ്മാൻ, ബ്രാൻ അലി, ഫാസിൽ കാരക്കുനി, സി.എച്ച്.ശിഹാബ്, അങ്കൺവാടി വർക്കർ അന്നക്കുട്ടി, ബി.അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.