പേരാമ്പ്ര: ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് പേരാമ്പ്രയിലെ വ്യാപാര സ്ഥാപനത്തിൽ അക്രമം നടത്തിയ സംഭവത്തിൽ ഒരാൾ റിമാൻഡിൽ. ബാദുഷ ഹൈപ്പർമാർക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു. അക്രമികളുടെ മർദ്ദനമേറ്റ നാല് ജീവനക്കാർ ചികിത്സയിലാണ്. കടയിലേക്ക് വന്ന നാല് പേർ ഹലാൽ സ്റ്റിക്കറുള്ള ബീഫുണ്ടോയെന്ന് ചോദിച്ചു. തുടർന്ന് ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് നൽകാൻ ആവശ്യപ്പെട്ട് ജീവനക്കാരുമായി വാക്കേറ്റത്തിലായി. തർക്കം മൂത്തതോടെ ഇവർ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കി .വ്യാപാരി വ്യാവസായി സംഘടനകളും വിവിധ രാഷ്ടീയ പാർട്ടികളും പ്രതിഷേധിച്ചു. ടൗണിൽ പ്രകടനം നടത്തി.