സുൽത്താൻ ബത്തേരി: മൈസൂർ സ്വദേശിയായ ഒറ്റമൂലിവൈദ്യന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷൈബിൻ അഷറഫിനെയും കൂട്ടാളികളെയും സ്‌ഫോടകവസ്തു കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൊലപാതകം സംബന്ധിച്ച് നിലമ്പൂർ പൊലീസിന്റെ അന്വേഷണത്തിന് ശേഷമായിരിക്കും പ്രതികളെ കസ്റ്റഡിയിൽ വാങ്ങുക.

കഴിഞ്ഞ ദിവസം പ്രതികളെ ചോദ്യം ചെയ്യുന്നതിന് ബത്തേരിയിൽ നിന്ന് പൊലീസ് നിലമ്പൂരിലേക്ക് പോയങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ സംഭവവികാസങ്ങൾ ഉരുത്തിരിഞ്ഞ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ല.
കഴിഞ്ഞ മാസം 28-നായിരുന്നു തൊണ്ടിമുതൽ കണ്ടെടുക്കുന്നതിനായി പൊലീസ് നടത്തിയ തെരച്ചിലിൽ കൈപ്പഞ്ചേരി തങ്ങളത്ത് അഷറഫിന്റെ പുരയിടത്തിൽ നിന്ന് സ്‌ഫോടകവസ്തുവായ ജലാറ്റിൻ സ്റ്റിക്കും ഫ്യൂസ് വയറുകളും കണ്ടെടുത്തത്. ഷൈബിന്റെ വീട് ആക്രമിച്ച് പണവും മൊബൈൽഫോണും ലാപ്‌ടോപ്പുകളും കവർച്ച നടത്തിയെന്ന പരാതിയിലാണ് നിലമ്പൂർ പൊലീസ് അഷറഫിനെ അറസ്റ്റ് ചെയ്തത്. കുഴിച്ചിട്ട കവർച്ച സാധനങ്ങളുടെ സമീപത്തായി മണ്ണ് ഇളകികിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടത്. ഇത് നേരത്തെ ഇവിടെ കൊണ്ടുവന്ന് കുഴിച്ചിട്ടതാണെന്നാണ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഷൈബിന്റെ സഹായികളായിരുന്നവരാണ് അഷറഫ് ഉൾപ്പെടെയുള്ളവരെന്ന് ഇയാൾ മൊഴി നൽകിയിരുന്നു.

ജലാറ്റിൻ സ്റ്റിക്ക് കൊണ്ടുവന്നതും ആളെ കൊല്ലാൻ

സ്‌ഫോടനം നടത്താനാണ് ജലാറ്റിൻ സ്റ്റിക്ക് കൊണ്ടുവന്നതെന്നാണ് കരുതുന്നത്. ഷൈബിൻ നേരത്തെ ചില ലീഗ് നേതാക്കളുമായി ചേർന്ന് ഇഞ്ചികൃഷി നടത്തിയിരുന്നു. ഇതിൽ ലീഗിന്റെ നേതാവ് ഒരു കോടിയോളം രൂപ ഷൈബിന് നൽകാനുണ്ടെന്നും ഈ തുക നൽകാത്തതിനാൽ ആളെ ഇല്ലാതാക്കാൻ ഷൈബിൻ കൊടുത്തുവിട്ടതാണ് ജലാറ്റിൻ സ്ററിക്കെന്നാണ് സൂചന.

കോടിശ്വരനായ ഷൈബിനുമായി സാമ്പത്തിക ഇടപാട് നടത്തിയ പല രാഷ്ട്രീയ നേതാക്കളുമുണ്ട്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ നിന്ന് ഊരിപോരുന്നതിന് വേണ്ട നിയമോപദേശം ഷൈബിന് നൽകി വന്നത് ഒരു റിട്ടയേർഡ് പൊലീസുകാരനാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഷൈബിനോടൊപ്പം നേരത്തെ ഒന്നിച്ച് പ്രവർത്തിക്കുകയും സാമ്പത്തിക ഇടപാടിനെചൊല്ലി തെറ്റിപ്പിരിയുകയും ചെയ്തവരാണ് ഇപ്പോൾ ഷൈബിന്റെ ക്രൂരതകൾ പുറംലോകത്തെ അറിയിച്ചത്.
ബത്തേരിയിൽ താമസക്കാരനായ ഷൈബിൻ രണ്ട് വർഷം മുമ്പാണ് നിലമ്പൂരിലേക്ക് താമസം മാറ്റിയത്.