news
പി.കെ ഷമീർ

കുറ്റ്യാടി: റോഡിലെ കുണ്ടും കുഴിയും നാട്ടുകാർക്ക് വിനയാകുന്നു. കായക്കൊടി കോവ്ക്കുന്ന് മൊകേരി റോഡിൽ ഞേണോൽ താഴ ഭാഗത്തെ കുണ്ടും കുഴിയുമാണ് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ദുരിതം വിതയ്ക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ പോലും ദിവസങ്ങളോളം റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.

വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്ത റോഡിന് ബ‌‌ഡ്ജറ്റിൽ 7 കോടി രൂപ നീക്കിവച്ചിട്ടുണ്ടെങ്കിലും ഈ വർഷം പണി നടക്കാൻ സാദ്ധ്യതയില്ല.

ദിവസവും ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡ് കായക്കൊടി പഞ്ചായത്തിലെ പ്രധാന പാത കൂടിയാണ്. കായക്കൊടി ഹൈസ്കൂളിലും യുപി സ്കൂളിലേക്കുമുള്ള വിദ്യാർഥികൾ ഉൾപ്പെടെ നിരവധിയാളുകൾ ദിവസേന ഈ വഴി കടന്നു പോകുന്നുണ്ട്. കണയങ്കോട്, നെല്ലിലായി, ചേറ്റുവയൽ തുടങ്ങിയ ഉൾനാടുകളിൽ നിന്നു മൊകേരിയിൽ എത്താൻ പ്രധാനമായും ആശ്രയിക്കുന്ന ഈ റോഡ് ഇപ്പോൾ വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത വിധം താറുമാറായി കിടക്കുകയാണ്. കരിങ്കൽ ക്വാറിയിൽനിന്ന് നിരന്തരം ടിപ്പർ ലോറികൾ പോകുന്നതും റോഡ് തകരാൻ ഇടയാവുന്നുണ്ട്. കുറച്ചു മാസങ്ങൾക്ക് മുൻപ് ഇവിടെ ഓവുപാലം പണിയുകയും ഒരു ഭാഗത്ത് ഓവ് ചാൽ നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. പാതയോരത്ത് അഴുക്കുചാലുകൾ ഇല്ലാത്തതിനാൽ റോഡിലേക്ക് വെള്ളം ഒഴുകിയെത്തി കനത്ത വെള്ളക്കട്ട് അനുഭവപ്പെടുന്ന അവസ്ഥയാണ്. താറുമാറായ ഭാഗം ഉയർത്തി പണി നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേ സമയം റോഡിലെ വെള്ളകെട്ടിന് പരിഹാരം കാണാനായി കൾവർട്ട് ഡ്രൈനേജ് എന്നിവ പൂർത്തിയായിട്ടുണ്ടെന്നും റോഡ് വികസനത്തിന്ന് ബജറ്റിൻ 7 കോടി രൂപ വകയിരുത്തിട്ടുണ്ടെന്നും എസ്റ്റിമേറ്റ് പൂർത്തിയായി ടെണ്ടർ നടപടികൾ പൂർത്തിയാവുന്നതോടെ റോഡ് ബി.എം എൻ.ബി.സി രീതിയിൽ പരിഷ്കരിക്കുമെന്നും ഇ.കെ.വിജയൻ എം.എൽ.എ പറഞ്ഞു.

റോഡ് നവീകരണത്തിനായി തുക ബ‌ഡ്ജറ്റിൽ വകയിരുത്തിട്ടുണ്ടെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ ആരംഭിച്ചിട്ടില്ല. പൊതുപ്രവർത്തകനായ പി.കെ.ഷമീർ പറഞ്ഞു.