സുൽത്താൻ ബത്തേരി: ഉറപ്പുള്ള ഒരു വാതിലുപോലുമില്ലാത്ത വീട്ടിൽ മൂന്ന് പെൺമക്കൾക്ക് കാവലാളായി കഴിയുകയാണ് ചീര എന്ന വീട്ടമ്മ. നൂൽപ്പുഴ പഞ്ചായത്തിലെ നായ്‌ക്കെട്ടി പണിപ്പുരക്കൽ തെവുംകാട് പണിയകോളനിയിലാണ് പേരക്കുട്ടികളുടെ സംരക്ഷകയായി വീട്ടമ്മ കഴിയുന്നത്.
രണ്ട് പതിറ്റാണ്ട് മുമ്പ് ഭർത്താവ് മരിച്ചതോടെ ചീര രണ്ട് മക്കളുമായിട്ടായിരുന്നു ദേശീയപാതയോരത്തെ വീട്ടിൽ താമസിച്ചുവന്നത്. മക്കൾ വിവാഹം കഴിച്ച് മാറി താമസിച്ചതോടെ ചീരയും ഭർത്താവിന്റെ സഹോദരിയും ഒന്നിച്ചായി താമസം. അതിനിടെ പേരക്കുട്ടികളും ചീരയോടൊപ്പമായി. പെൺകുട്ടികൾ വളർന്നതോടെ അടച്ചുറപ്പില്ലാത്ത വീട്ടിൽ എങ്ങിനെ പെൺകുട്ടികളുമായി കഴിയുമെന്ന ചിന്തയയിലായി.
പതിറ്റാണ്ടുകൾ പഴക്കമുള്ള വീടിന്റെ ഓടുകൾപൊട്ടി. കഴുക്കോലും പട്ടികകളും ചിതലെടുത്തു നശിച്ചു. മഴപെയ്താൽ ചോർന്നൊലിക്കും. താൽക്കാലികമായി ഷീറ്റ്‌കൊണ്ട് മേഞ്ഞിരിക്കുകയാണ്. പ്രാഥമിക സൗകര്യങ്ങൾ ഒന്നും തന്നെയില്ല. വെള്ളമോ വെളിച്ചമോ ലഭിച്ചിട്ടില്ല. ടൗണിലാണ് വീടെങ്കിലും വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് മെഴുകുതിരിവെട്ടത്തിലാണ് രാത്രി കഴിച്ചുകൂട്ടുന്നത്. മണ്ണെണ്ണ കിട്ടാറുമില്ല. ഒരു ദിവസം നാല് മെഴുകുതിരി വേണം. കുട്ടികളുടെ പഠനം പലപ്പോഴും തെരുവ് വിളക്കിന്റെ ചുവട്ടിലാണ്.
കുട്ടികൾ പ്രായമായി വരുന്നതോടെ ആധിയാണെന്ന് ചീര പറയുന്നു. പ്രാഥമികകൃത്യം നിർവ്വഹിക്കുന്നതിനുള്ള സൗകര്യം പോലുമില്ല.

ചീരയ്ക്കും ഭർത്താവിന്റെ സഹോദരിക്കും രണ്ട് ബന്ധുക്കൾക്കും പുറമെ ഇവരുടെ രണ്ട് മക്കളുടെ ആറ് പേരക്കുട്ടികളും ഇവിടെയാണ് കഴിയുന്നത്. വീടും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ പഞ്ചായത്ത് തയ്യാറാണെങ്കിലും ഭൂമിയെച്ചൊല്ലിയുള്ള അവകാശതർക്കം നിലനിൽക്കുന്നതിനാൽ ഒന്നും നടപ്പാകുന്നില്ല.