കൽപ്പറ്റ: മഴ പെയ്തിറങ്ങിയ സന്ധ്യയിൽ ഇശലുകൾക്ക് താളം പിടിച്ച് എന്റെ കേരളം മേളയിൽ മാപ്പിള കലാവിരുന്ന്. കോൽക്കളിയും തപ്പുതാളങ്ങളും ചേർന്നതോടെ വേദിക്ക് മൊഞ്ചുള്ള രാവിന്റെ നിറവ്. മോയിൻകുട്ടി വൈദ്യരുടെയും ഒ.എം.കരുവാരക്കുണ്ടിന്റെയുമെല്ലാം പ്രസിദ്ധമായ വരികൾ ഒരിക്കൽ കൂടി കാതിലെത്തിയപ്പോൾ സദസ്സും താളത്തിൽ ലയിച്ചു. പാട്ടിന്റെ ഇടവേളകളിൽ കോൽക്കളിയും അറബനമുട്ടും ഇടകലർന്ന് എത്തി.

ഫാസില ബാനുവും സംഘവുമാണ് മാപ്പിള കലാ സന്ധ്യയിൽ ഇശൽ പെരുമഴ പെയ്യിച്ചത്.

കൈരളി ടിവി പട്ടുറുമാൽ, ഏഷ്യാനെറ്റ് മൈലാഞ്ചി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയയാണ് ഫാസില ബാനു. ശ്യാം മില്ലേനിയം, അനീസ് തിരൂർ, കലാഭവൻ അനിൽലാൽ, അഞ്ചല നസ്രിൻ എന്നിവരും പാട്ടുകളുമായെത്തി.

കോൽക്കളി ആചാര്യൻ ടി.പി.ആലിക്കുട്ടി ഗുരുക്കളുടെ പിൻമുറക്കാരാണ് എടരിക്കോട് കോൽക്കളി സംഘം. നിരവധി സ്‌കൂൾ യുവജനോത്സവ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ കലകാരൻമാരെ അണിനിരത്തിയ ചാവക്കാട് പടൂർ മാപ്പിള ആർട്സ് അക്കാദമിയാണ് അറബന മുട്ട് അവതരിപ്പിച്ചത്. 12 പേരടങ്ങുന്നതാണ് കോൽക്കളി സംഘം.