കുറ്റ്യാടി: കെ.സുധാകരൻ കെ.പി.സി.സി പ്രസിഡന്റായാൽ മരുതോങ്കരയിലെ കോൺഗ്രസിലെ പടലപിണക്കം അവസാനിക്കുമെന്ന വിശ്വാസം തകർന്നിരിക്കുകയാണെന്ന് പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ അതാണ് തെളിയിക്കുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബീന ആലക്കലിനെ മരുതോങ്കര ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. സി.പി.എം ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. കൃഷ്ണനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. മരുതോങ്കര ബാങ്ക് പ്രസിഡന്റിനെതിരായി കൊണ്ടുവന്ന അവിശ്വാസവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നിർവാഹ സമിതി അംഗമായ കെ.ടി ജയിംസിനെയും അനിശ്ചിതകാലത്തേക്ക് പാർട്ടിയിൽ നിന്നും മാറ്റി. ജയിംസിനെ രണ്ടാം തവണയാണ് സസ്പെൻഡ് ചെയ്യുന്നത്. കോൺഗ്രസിന് ഭൂരിപക്ഷമുള്ള മരുതോങ്കര സർവീസ് സഹ. ബാങ്ക് ഭരണം പിടിച്ചെടുക്കാനുള്ള ഇരുവിഭാഗങ്ങളുടെയും പോരാട്ടമാണ് മരുതോങ്കരയിൽ കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമാകുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കി പാർട്ടിയിലെ ഭിന്നിപ്പ് അവസാനിപ്പിക്കാൻ ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുന്ന കോൺഗ്രസ് അനുഭാവികൾ ചോദിക്കുന്നത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാൻ സാഹചര്യം ഉണ്ടായിട്ടും ചിലരുടെ കടുംപിടുത്തമാണ് പരാജയത്തിന്ന് കാരണമായത്. ബാങ്ക് തിരഞ്ഞെടുപ്പിലെ വിഭാഗീയത പഞ്ചായത്തിലെ പാർട്ടി പ്രവർത്തനത്തിൽ ബാധിക്കുകയാണ്. യു.ഡി.എഫ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിൽ പോലും പരാജയപെട്ടത് പാർട്ടിയിലെ പടലപിണക്കങ്ങളാണെന്ന് ആക്ഷേപമുണ്ട്.