asharaf
അഷറഫ് താമരശേരി

കോഴിക്കോട്: മികച്ച ജീവകാരുണ്യ പ്രവർത്തകൻ എം. ഇ.എസ് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഡോ. പി.കെ അബ്ദുൾ ഗഫൂർ ജീവകാരുണ്യ പ്രതിഭാ പുരസ്കാരത്തിന് അഷറഫ് താമരശേരി അർഹനായി.11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഇരുപത് വർഷമായി വിദേശത്ത് മരണമടയുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ നടത്തുന്ന നിശബ്ദ പ്രവർത്തനമാണ് അഷറഫിന് പുരസ്കാരത്തിന് അർഹനാക്കിയത്. താമരശേരി സ്വദേശിയായ അഷറഫ് കേന്ദ്ര സർക്കാറിന്റെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കൂടിയാണ്.

എം.ഇ. എസ്. സ്ഥാപക നേതാവ് ഡോ. പി.കെ അബ്ദുൾ ഗഫൂറിന്റെ 38ാം ചരമദിനമായ മേയ് 23ന് പാരമൗണ്ട് ടവറിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.