അത്തോളി: അകലാപുഴയുടെ തീരത്ത് കൂടെ തീരദേശ റോഡിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. മാറി മാറി വന്ന സർക്കാറുകൾ ഈ റോഡിനായി ധാരാളം പഠനങ്ങൾ നടത്തിയെങ്കിലും ഈ പദ്ധതി എവിടെയും എത്തിയില്ല. അകലാ പുഴയുടെ തീരത്ത് കൂടെ തീരദേശ റോഡ് യാഥാർത്ഥ്യമായാൽ നാടിന്റെ വികസനത്തിലും കാര്യമായ മാറ്രം സംഭവിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ പാലം മുതൽ കൊയിലാണ്ടി കണയങ്കോട് പാലം വരെയെങ്കിലും തീരദേശ റോഡ് വന്നാൽ അത്തോളിയിൽ നിന്നും കൊയിലാണ്ടിയിലേക്കും മറ്റുമുള്ള ഗതാഗത കുരുക്ക് ഇല്ലാതെ വളരെ എളുപ്പത്തിൽ എത്താൻ സാധിക്കുമെന്നതാണ് പ്രധാന നേട്ടം. മാത്രമല്ല അകലാ പുഴയുടെ പ്രകൃതിഭംഗി ആസ്വദിച്ച് കൊണ്ടുള്ള യാത്രയ്ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. മാത്രമല്ല അകലാ പുഴയുടെ സൗന്ദര്യം ആസ്വദിക്കാൻ
സഞ്ചാരികൾക്ക് വളരെ എളുപ്പം ഇവിടുത്തെ കാഴ്ചകൾ നുകരാനാകും. ഇപ്പോൾ പല ദിക്കിൽ നിന്നും ആളുകൾ എത്തിച്ചേരുന്നുണ്ട്. കേരള ടൂറിസം ഡെവലപ്മെന്റെ കോർപ്പറേഷൻ മനസ് വെച്ചാൽ അത്തോളിയിലെ ഈ അകലാ പുഴയെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിന് വേണ്ടി ജല സഞ്ചാര വികസന പദ്ധതികളൊക്കെ നടപ്പിലാക്കാൻ പറ്റുമെന്നുള്ളതാണ് യാഥാർത്ഥ്യം. അധികാരികൾ കണ്ണ് തുറന്നാൽ ഒരു നാടിനെ കൂടി വിനോദ സഞ്ചാര മേഖലയുടെ ഭൂപടത്തിൽ ഉൾപ്പെത്താൻ കഴിയും എന്നുള്ള കാര്യത്തിൽ സംശയമില്ല.
ടൂറിസത്തിന്റെ അനന്തസാദ്ധ്യതകൾ
കായൽ കാഴ്ചകളും, പുഴ മദ്ധ്യത്തിലെ തുരുത്തുകളും പ്രകൃതി ഭംഗിയാൽ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നതാണ്. തീരങ്ങളിലുടനീളം തെങ്ങും വിവിധതരം കണ്ടൽക്കാടുകളും ഇടതൂർന്ന് വളർന്ന് നിൽക്കുന്നു. ശാന്തമായ ജലാശയമായതിനാൽ ഭയരഹിതമായും മാനസിക പിരിമുറുക്കമില്ലാതെയും സഞ്ചാരിക്കാൻ കഴിയും.
അത്തോളി പഞ്ചായത്ത് ഭരണസമിതി ഇതിന് വേണ്ടി പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ്. തീരദേശ റോഡിനായി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും വേണ്ട എല്ലാവിധ സഹായ സംവിധാനങ്ങളും ഒരുക്കുന്നതാണ്.
ഷീബാ രാമചന്ദ്രൻ
അത്തോളി പഞ്ചായത്ത് പ്രസിഡന്റ്