മേപ്പാടി: നൃത്തകലയുടെ സൗന്ദര്യവുമായി ചൂരൽമലയിൽ മെഗാതിരുവാതിര അരങ്ങേറി. ചൂരൽമല ശിവക്ഷേത്ര പ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായാണ് മെഗാ തിരുവാതിര നടന്നത്.

കേരളത്തനിമയുടെ അഴകിൽ അവതരിപ്പിച്ച തിരുവാതിര കാണാൻ നിരവധി പേരാണ് ക്ഷേത്രമുറ്റത്ത് തടിച്ചുകൂടിയത്. പരമ്പരാഗത വേഷമായ സെറ്റ് സാരിയും ആടയാഭരണങ്ങളും അണിഞ്ഞ് കുട്ടികൾ മുതൽ 65 വയസ്സ്‌കാരി വരെ വിവിധ പ്രായക്കാർ തിരുവാതിരയിൽ അണിനിരന്നു. മൂന്ന് വൃത്തങ്ങളിലായി 20 മിനിറ്റ് നീണ്ടുനിന്നു തിരുവാതിരക്കളി.

ടി.വി സബിത, മഞ്ജു,നിഖിത എന്നിവരാണ്
പരിശീലിപ്പിച്ചത്. ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി തിരുവാതിരകളി അവതരിപ്പിക്കണമെന്ന ഏറെക്കാലമായുള്ള ആഗ്രഹമാണ് നിറവേറിയതെന്ന് ഇവർ പറഞ്ഞു.