കൽപറ്റ: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്റെ വിജയത്തിൽ പങ്കാളികളായ മുഹമ്മദ് റാഷിദ് മുണ്ടേരി, സഫ്നാദ് മൂപ്പൈനാട് എന്നിവർക്ക് കൽപറ്റ നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എസ്.കെ.എം.ജെ സ്‌കൂളിന് സമീപത്തെ ചന്ദ്രഗിരി ഓഡിറ്റോറിയം പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെയും വൻജനാവലിയുടെയും അകമ്പടിയോടെ നഗരസഭ ചെയർമാൻ കെഎം തൊടി മുജീബിന്റെ നേതൃത്വത്തിൽ താരങ്ങളെ ആനയിച്ചു. പുതിയ സ്റ്റാന്റിൽ നടന്ന പരിപാടിയിൽ താരങ്ങൾക്ക് 25000 രൂപയുടെ ചെക്കും ഉപഹാരവും സമ്മാനിച്ചു. സഫ്നാദിന്റെ രക്ഷിതാക്കളായ എം.നജ്മുദ്ദീൻ, കദീജ, റാഷിദിന്റെ ഉമ്മ ഫാത്തിമ, ഉമ്മാമ കുഞ്ഞിപ്പാത്തു എന്നിവരെ വൈസ് ചെയർപേഴ്സൺ കെ.അജിത ഷാളണിയിച്ചു.
സന്തോഷ് ട്രോഫി കോച്ച് ബിനോ ജോർജ്ജ് മുഖ്യാതിഥിയായിരുന്നു. സന്തോഷ് ട്രോഫി വിജയത്തിന് ശേഷം തങ്ങൾക്ക് ലഭിച്ച ഏറ്റവും മികച്ച അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു. അനുമോദനയാത്രയിൽ വിവിധ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കായിക വിദ്യാർത്ഥികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.