പുൽപ്പള്ളി: ഛർദ്ദിയും വയറിളക്കവുംമൂലം അത്യാസന്ന നിലയിൽ എത്തിച്ച രോഗിക്ക് പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി. മണിക്കൂറുകൾ ചികിത്സ നൽകാതെ അവഗണിച്ചതായാണ് പരാതി. വർഷങ്ങളായി പുൽപ്പള്ളി താഴെ അങ്ങാടിയിൽ താമസിക്കുന്ന ചന്ദ്രനാണ് (58) ദുരനുഭവം.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് ചന്ദ്രനെ ഗ്രാമപഞ്ചായത്തംഗം ജോഷി ചാരുവേലിൽ, ആശാവർക്കർ ഏലിക്കുട്ടി, എന്നിവരും പുൽപ്പള്ളി പൊലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചത്. കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന ചന്ദ്രനെ മലമൂത്രവിസർജ്ജ്യങ്ങൾക്കു നടുവിൽ താഴെഅങ്ങാടിയിലാണ് അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സഹായത്തോടെ പുൽപ്പള്ളി കമ്മ്യൂണിറ്റി സെന്ററിൽ എത്തിച്ചു. രോഗിയുമായി എത്തുമ്പോൾ ആശുപത്രിയിൽ വെളിച്ചംപോലും ഇല്ലായിരുന്നു.

ഡ്യൂട്ടി ഡോക്ടർ ഇല്ല എന്ന് പറഞ്ഞ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പ്രാഥമിക ശുശ്രൂഷ പോലും നിഷേധിച്ചുവെന്നാണ് ആരോപണം.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ.പ്രഭാകരൻ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ വിളിച്ച് പ്രാഥമിക ശുശ്രൂഷ നൽകാൻ ആവശ്യപ്പെട്ടു. രാത്രി ഒമ്പതരയോടെയാണ് ചന്ദ്രന് പ്രാഥമിക ശുശ്രൂഷകൾ ലഭിച്ചത്.

തുടർന്ന് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ആംബുലൻസ് വിളിച്ച് ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പുൽപ്പള്ളി ഗവൺമെന്റ് ആശുപത്രിയിൽ ആംബുലൻസ് ഉണ്ടെങ്കിലും രാത്രി എട്ടു മണിക്ക് ശേഷം ആംബുലൻസ് നൽകില്ല എന്ന മറുപടിയാണ് കിട്ടിയത്. ബത്തേരിയിൽ നിന്ന് ആംബുലൻസ് വരുത്തിയാണ് ചന്ദ്രനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ കഴിഞ്ഞ കുറെ കാലങ്ങളായി നാഥനില്ലാത്ത അവസ്ഥയിലാണെന്ന് പരാതിയുണ്ട്.