കോഴിക്കോട്: അസാനി ചുഴലിക്കാറ്റിന്റെ വരവറിയിച്ച് ഇന്നലെ പെയ്ത മഴയിൽ വിറങ്ങലിച്ച് നഗരം. ചൊവ്വാഴ്ച രാത്രി ആരംഭിച്ച മഴ ഇന്നലെ രാത്രിയോടെ ആർത്തലച്ച് പെയ്തതോടെ ജില്ലയിലെ പലയിടത്തും വെള്ളക്കെട്ടുണ്ടായി. നിരവധിസ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതി മുടങ്ങി. രാത്രി വൈകിയും പല സ്ഥലത്തും മഴ തുടരുകയാണ്. കനത്ത മഴയിൽ ഫറോക്ക് റെയിൽവേ സ്റ്റേഷൻ കവാടം വെള്ളക്കെട്ടിലായി. ഇതോടെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കുവാൻ കഴിയാതെയായി. സ്ത്രീകളും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. റോഡിൽ നിന്ന് സ്റ്റേഷനിലേക്കു കടക്കുന്ന സ്ഥലത്താണ് വെള്ളം കെട്ടി നിൽക്കുന്നത്. റോഡരികിൽ ഡ്രെയിനേജ് നിർമ്മിച്ചിട്ടുണ്ട്. എന്നാൽ താഴ്ന്ന ഭാഗത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം ഡ്രെയിനേജിലേക്കു പോകാത്തതാണ് വെള്ളക്കെട്ടിനു കാരണം. മഴ ശക്തമായാൽ വെള്ളക്കെട്ട് കൂടുതൽ വ്യാപിക്കും. റെയിൽവേ കവാടത്തിൽ കെട്ടി നിൽക്കുന്ന വെള്ളം ഡ്രെയിനേജിലേക്ക് ഒഴുക്കി വിടാൻ സൗകര്യമുണ്ടാക്കിയാൽ ചെളിവെള്ളക്കെട്ടു മൂലമുള്ള ദുരിതത്തിനു പരിഹാരമാകും.
അത്തോളി: മഴിയിൽ അത്തോളി കന്നൂർ അങ്ങാടിയിൽ വെള്ളം കയറി. ദുരിതത്തിലായി. കൊയിലാണ്ടി-താമരശേരി -എടവണ്ണപ്പാറ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെയും ഡ്രെയിനേജിന്റെയും നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഡ്രെയിനേജിലേക്ക് വെള്ളം ഒഴുകി പോവാനുള്ള സ്ലോപ്പ് പലയിടങ്ങളിലുമില്ല. കൂടാതെ പലഭാഗത്തും ഡ്രെയിനേജ് മണ്ണും മറ്റ് മാലിന്യങ്ങളും നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കെ.എസ്.ഇ.ബി പോസ്റ്റ് മാറ്റി സ്ഥാപിക്കാത്തതിനാൽ ഡ്രെയിനേജ് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഇതോടെ കാൽനടക്കാർ അപകടത്തിൽപ്പെടുന്നത് നിത്യ സംഭവമാണ്. നിരവധി തവണ അധികാരികൾക്ക് നിവേദനം കൊടുത്തിട്ടും പ്രശ്നം പരിഹരിക്കപെടാത്തതിനാലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കന്നൂർ യൂണിറ്റിന്റെ നേതൃത്തത്തിൽ അരമണിക്കൂർ റോഡ് ഗതാഗതം തടസപെടുത്തിയത്. ധർമ്മരാജ് കുന്നാട്ടിൽ, സതീഷ് കന്നൂര്, സന്തോഷ് പുതുക്കുടി, ടി.എം പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.