പേരാമ്പ്ര: ചിത്രങ്ങൾ വരച്ച് കിട്ടിയ രണ്ടുലക്ഷം രൂപ ജീവകാരുണ്യത്തിന് നൽകി അദ്ധ്യാപകന്റെ വേറിട്ട മാതൃക. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകനായ വി.പി.അബ്ദുൾ ലത്തീഫാണ് കടിയങ്ങാട് തണൽ കരുണയിലെ ഭിന്നശേഷി കുട്ടികൾക്ക് തുക കൈമാറിയത്. വിരമിക്കലിനോട് അനുബന്ധിച്ച് അബ്ദുൾ ലത്തീഫ് കേരളത്തിലെ പ്രമുഖരായ അമ്പത് ചിത്രകലാ അദ്ധ്യാപകരെ പങ്കെടുപ്പിച്ച് സ്‌കൂൾ മുറ്റത്തൊരുക്കിയ വരയും ചിത്ര പ്രദർശനവും ഏറെ ശ്രദ്ധേയമായിരുന്നു. ഇനിയുള്ള തന്റെ ചിത്രകലാ ജീവിതം തണലിലെ മക്കൾക്കൊപ്പമാണെന്ന അബ്ദുൾ ലത്തീഫിന്റെ പ്രഖ്യാപനം ഹർഷാരവത്തോടെയാണ് ശിഷ്യരും സഹപ്രവർത്തകരും ഏറ്റെടുത്തത്. പ്രധാനാദ്ധ്യാപകൻ മരന്നോളി കുഞ്ഞബ്ദുല്ല തണൽ ചെയർമാൻ ഡോ.ഇദ്രീസിന് തുക കൈമാറി. പി.കെ.നവാസ്, ടി.കെ.റിയാസ്, കെ.ജലീൽ, ടി.ഉബൈദ്, മോഹൻദാസ് കായക്കൊടി എന്നിവർ പങ്കെടുത്തു.