veena
veena

കോഴിക്കോട്: പകർച്ചവ്യാധി പ്രതിരോധത്തിനായി സർക്കാർ സംവിധാനങ്ങളോടൊപ്പം പൊതുജനങ്ങളും പ്രവർത്തിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 'നിപ: അനുഭവവും പഠനവും' എന്ന വിഷയത്തിൽ കോഴിക്കോട് ജെൻഡർ പാർക്കിൽ നടന്ന ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിപയ്ക്കെതിരെ പൊതുജാഗ്രതയുണ്ടാവുകയും നിലവിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തുകയും ചെയ്യാനാണ് ശിൽപ്പശാല സംഘടിപ്പിച്ചത്. ആവശ്യമുള്ള തുടർപ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.. വിവിധ ജില്ലകളിൽ നിന്നുള്ള ആരോഗ്യം, വനംവന്യജീവി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ഗവേഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനിൽ പങ്കെടുത്തു. വനംവന്യജീവി മന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാ തോമസ്, ആരോഗ്യ കുടുംബ ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ. കൗശിഗൻ, ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി, ആരോഗ്യ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത്ത് എന്നിവർ പ്രസംഗിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി.ആർ. രാജു സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ഉമ്മർ ഫാറൂഖ് നന്ദിയും പറഞ്ഞു.