മാവൂർ: ലക്ഷങ്ങൾ മുടക്കി ആഘോഷപൂർവം സ്ഥാപിച്ച തെരുവ് വിളക്കുകൾ കണ്ണടച്ചതോടെ മാവൂർ പഞ്ചായത്ത് കൂരിരുട്ടിൽ. മാവൂർ അങ്ങാടിയിൽ കടകളിലെ വെളിച്ചമാണ് രാത്രി പത്ത് മണി വരെ യാത്രക്കാർക്ക് ആശ്വാസം. കട്ടാങ്ങൽ റോഡ്, മൺന്തലകടവ് റോഡ്, കണ്ണിപ്പറമ്പ് റോഡ്, കൂളിമാട് റോഡ്, പനങ്ങോട് റോഡ്, പാറമ്മൽ അങ്ങാടി, കൽപള്ളി തെങ്ങിലകടവ് റോഡ് എന്നിവിടങ്ങളിലെ വിളക്കുകൾ അണഞ്ഞിട്ട് മാസങ്ങളായി. റയോൺസിന്റെ കാട് പിടിച്ച സ്ഥലങ്ങൾ താവളമാക്കിയ തെരുവ് നായ്ക്കൾ ഇരുട്ട് പരന്നാൽ അങ്ങാടി കൈയടക്കുകയാണ്. നായ്ക്കളെ പേടിച്ച് മരകമ്പുകളുമായാണ് പലരുടെയും നടത്തം. ഇരുട്ടിൽ നിന്ന് ഓടി വരുന്ന നായ്ക്കളെ ഇടിച്ച് ബൈക്ക് യാത്രക്കാർ അപകടത്തിൽ പെടുന്നത് മിക്ക അങ്ങാടിയിലും പതിവാണ്. മാവൂർ കട്ടാങ്ങൽ റോഡ്, പൈപ്പ് ലൈൻ റോഡ്, കൂളിമാട് റോഡ് എന്നിവിടങ്ങൾ തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായിട്ടുണ്ട്.
പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും പ്രഭാത- സായാഹ്ന സവാരിക്കുമായി നിരവധി കുടുംബങ്ങൾ എത്തുന്ന കണിയാത്ത് മുതൽ തെങ്ങിലകടവ് വരെയുള്ള പി.എച്ച്.ഡി റോഡിൽ മാലിന്യം തള്ളുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. തെരുവ് വിളക്കുകൾ അണഞ്ഞതോടെ റോഡിന് ഇരുവശത്തെയും നീർത്തടങ്ങൾ മാലിന്യ നിക്ഷേപ കേന്ദ്രമായി.
മാവൂർ അങ്ങാടിയിൽ എം.കെ.രാഘവൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കണിയാത്ത് പൈപ്പ് ലൈൻ ജംഗ്ഷനിൽ പി.ടി.എ റഹീം എം. എൽ.എയുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച എൽ.ഇ.ഡി മിനി മാസ്റ്റ് ലൈറ്റും കത്തിയിട്ട് മാസങ്ങളായി. അഞ്ച് വർഷത്തേക്ക് അറ്റകുറ്റപ്പണി ചെയ്യേണ്ട കമ്പനി പരാതി ഉയർന്നിട്ടും തിരിഞ്ഞ് നോക്കിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മാവൂർ പഞ്ചായത്തിലെ പല വാഡുകളിലെയും തെരുവ് വിളക്കുകൾ കണ്ണടച്ചിട്ടും പഞ്ചായത്തും വൈദ്യുതി വകുപ്പും കണ്ടഭാവം നടിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
'തെരുവ് വിളക്കുകൾ അണഞ്ഞതും മഴക്കാലവും മോഷ്ടാക്കൾക്ക് അനുകൂല സാഹചര്യമാവുകയാണ് അതികൃതരുടെ ശ്രദ്ധ ഉടനെ ഉണ്ടാവണം'. എം.ഉസ്മാൻ, ജനറൽ സെക്രട്ടറി, വ്യപാരി വ്യവസായി ഏ കോപന സമിതി, മാവൂർ.