കൽപ്പറ്റ: ജില്ലയിൽ ധനകാര്യസ്ഥാപനങ്ങൾ സർഫാസി നിയമപ്രകാരമുള്ള നടപടികൾ തുടരുന്നു. ചുണ്ടേലിൽ തനിച്ചുതാമസിക്കുന്ന സ്ത്രീയുടെ രണ്ട് സെന്റ് ഭൂമിയും വീടും ബാങ്ക് ഏറ്റെടുത്ത് വിൽപനയ്ക്ക് വച്ചു.

ചുണ്ടേൽ ബസ് സ്റ്റാൻഡിനു സമീപം താമസിക്കുന്ന കാവുംപുറത്ത് പാത്തുമ്മക്കുട്ടിയുടെ സ്ഥലവും വീടുമാണ് ബാങ്ക് ഇലേലത്തിലൂടെ വിൽക്കുന്നത്. കഴിഞ്ഞദിവസം പത്രപരസ്യം കണ്ടാണ് പാത്തുമ്മക്കുട്ടി തന്റെ വീട് ജപ്തി ചെയ്യുന്ന വിവരം അറിഞ്ഞത്.

വീട് വയ്ക്കാനാണ് കനറാ ബാങ്കിന്റെ വൈത്തിരി ശാഖയിൽ നിന്ന് പാത്തുമ്മക്കുട്ടി 7,65,999,95 രൂപ വായ്പ എടുത്തത്. ഇതിൽ മൂന്നര ലക്ഷം രൂപ തിരിച്ചടച്ചു.
ഇപ്പോൾ പലിശയും പിഴപ്പലിശയും അടക്കം 11 ലക്ഷം രൂപയാണ് പാത്തുമ്മ കുട്ടിക്ക് ബാധ്യതയായി ഉള്ളത്. രോഗബാധിതയായതോടെ വരുമാനം മരുന്നിനു തന്നെ തികയാതെ വന്നപ്പോൾ തിരിച്ചടവ് മുടങ്ങി. അതോടെട് ബാങ്കിൽ നിന്ന് തുടരെത്തുടരെ നോട്ടീസുകൾ വരാൻ തുടങ്ങി.

ബാങ്കിൽ നിന്ന് മാനേജർ ഉൾപ്പെടെ വീട്ടിലെത്തി തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു. മാസങ്ങൾക്കു മുൻപ് നോട്ടീസ് നൽകുകയും ചെയ്തു.

തന്റെ നിസ്സഹായവസ്ഥ ബാങ്കിനെ ബോധിപ്പിച്ചെങ്കിലും ബാങ്ക് സർഫാസി നിയമപ്രകാരമുള്ള നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു എന്ന് പാത്തുമ്മക്കുട്ടി പറഞ്ഞു.
ആകെയുള്ള കിടപ്പാടം നഷ്ടപ്പെടുന്ന പ്രയാസത്തിലാണ് ഇപ്പോൾ പാത്തുമ്മക്കുട്ടി. അതേസമയം ജപ്തി നടപടികൾ തടയാനാണ് കർഷക സംഘടനകളുടെ തീരുമാനം.