vayana
ലൈബ്രേറിയൻ ശ്രീനന്ദും സഹോദരൻ ശ്രീദേവും

വടകര: പ്രായം വെറും പതിനൊന്ന് എന്നാൽ സ്വന്തമായുള്ളത് നാനൂറിൽപരം പുസ്തകങ്ങളും ലൈബ്രറിയും. ആരാണ് കഥാനായകൻ എന്നല്ലേ എടച്ചേരി നോർത്ത് മീശ മുക്കിലെ ഏഴാം ക്ലാസുകാരനായ ശ്രീനന്ദ്. "കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി" എന്ന പേരിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് സമ്മാനമായി നൽകിയ ചില്ലലമാരയും പുസ്തകങ്ങളും മറ്റുള്ളവർക്കും വിജ്ഞാനം പകരുന്ന ല്രൈബറിയാക്കി ശ്രനന്ദ് മറ്റ് കൂട്ടുക്കാർക്ക് മാതൃകയാവുകയാണ്. കുഞ്ഞു ലൈബ്രറി വളർന്ന് പുസ്തകങ്ങളും വായനക്കാരും ഏറി. ശ്രീനന്ദ് ഇന്ന് ഒരു ഗ്രന്ഥാലയത്തിന്റെ നടത്തിപ്പുകാരനും ഉടമസ്ഥനുമായി. കുട്ടികളും മുതിർന്നവരുമായി അമ്പതിലേറെ സ്ഥിര വായനക്കാരുണ്ട്. പുസ്തകങ്ങളുടെയും വായനക്കാരുടെയും വിവരങ്ങൾ രേഖപ്പെടുത്താനുള്ള രജിസ്റ്റർ, പുസ്തക വിതരണത്തിനായി അച്ചടിച്ച കാർഡ് സീൽ എന്നിവയെല്ലാം ലൈബ്രറിയിലുണ്ട്. ഈ മിടുക്കന്റെ വായനയോടുള്ള പ്രണയം മനസിലാക്കി വ്യക്തികളും സ്ഥാപനങ്ങളും പുസ്തകങ്ങളും നൽകി ഈ ലൈബ്രറിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കോഴിക്കോട്ടേ ദർശനം സാംസ്കാരിക വേദിയുടെ എം.എ ജോൺസൻ സെക്രട്ടറിയായിട്ടുള്ള ദർശനം സാംസ്കാരിക വേദി ശ്രീനന്ദിനെ അനുമോദിക്കുകയും ആദ്യമായി പുസ്തകം നൽകുകയും ചെയ്തു. പീന്നിട് അങ്ങോട്ട് കേരളത്തിനകത്തും പുറത്തുമായി നിരവധി വ്യക്തികൾ ശ്രീനന്ദിന് പുസ്തകങ്ങൾ നൽകി. എഴത്തുകാരി നിർമ്മല കർണ്ണാടകയിൽ നിന്നും തന്റെ അച്ചടിയിലുള്ള പുസ്തകം പ്രസിദ്ധീകരണത്തിന് മുമ്പേ ശ്രീനന്ദിന് അയച്ചുകൊടുത്തു. ചിത്രസേനൻ തിരുവനന്തപുരം, രവി കൊമ്മേരി, രമ പൂങ്കുന്നത്ത്, കവി രാധാകൃഷ്ണൻ എടച്ചേരി, തട്ടോളിക്കര യു.പി സ്കൂൾ 99 ബാച്ച്, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം ചന്ദ്രൻ , കവി ശ്രീനി എടച്ചേരി, റിനീഷ് ഒഞ്ചിയം തുടങ്ങിയവർ ലൈബ്രറിക്ക്പുസ്തകങ്ങൾ എത്തിച്ചു നല്കിയവരിൽ പെടും. തപാലിലും മറ്റും വന്ന കുറേ ഏറെ പുസ്തകങ്ങൾ ഇനിയും രജിസ്റ്റർ ചെയ്യപ്പെടാനുമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പുസ്തകങ്ങൾ ഒതുക്കി സുരക്ഷിതമായി സൂക്ഷിക്കാൻ ആവശ്യമായ അലമാരയുടെ കുറവ് ശ്രീനന്ദിനെ പ്രയാസത്തിലാക്കുന്നുണ്ട്. എടച്ചേരി നോർത്തിൽ പയ്യക്കുടി ശ്രീജിത്ത് നിമിഷ ദമ്പതികളുടെ മൂത്ത മകനാണ് ശ്രീനന്ദ്, സഹോദരൻ ശ്രീദേവ്.