സുൽത്താൻ ബത്തേരി: ബത്തേരി ബാറിലെ അഭിഭാഷകനായ എൻ.യു.ടോമിയെ ആത്മഹത്യയിലേക്ക് നയിച്ച പുൽപ്പള്ളിയിലെ ബാങ്ക് ജീവനക്കാർക്കതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ് ബത്തേരി താലൂക്ക് കമ്മറ്റി ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയും പ്രളയവും കാർഷിക വിലത്തകർച്ചയും ജില്ലയിലെ കർഷകർ അടക്കമുള്ള എല്ലാ ജനവിഭാഗങ്ങളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള നിഷേധാത്മക നിലപാടുകളാണ് ബാങ്കുകൾ സ്വീകരിക്കുന്നത്. സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖയിലെ ജീവനക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനുള്ള നടപടി ഉണ്ടായില്ലെങ്കിൽ ബത്തേരി താലൂക്കിലെ മുഴുവൻ സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖകളും ഉപരോധിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
അജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സതീഷ് പൂതിക്കാട്, പി.ഡി.സജി, സജി വർഗീസ്, ഷിജു ജേക്കബ്, അജിത് വില്ലി, എം.ടി.ബാബു എന്നിവർ സംസാരിച്ചു.