img20220512
അങ്കണവാടി ജീവനക്കാരുടെ നിയമനത്തെ ചൊല്ലി യു.ഡി.എഫ് കൗൺസിലർമാർ സി.ഡി.പി.ഒയെ ഉപരോധിക്കുന്നു

മുക്കം: മുക്കം നഗരസഭയിൽ അങ്കണവാടി വർക്കർമാരെയും ഹെൽപ്പർമാരെയും നിയമിച്ചതിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ച് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ സമരം സംഘർഷത്തിനിടയാക്കി. ഇ.എം.എസ് സ്മാരക ഹാളിൽ അങ്കണവാടി വർക്കർമാർക്കുള്ള പ്രോജക്ട് മീറ്റിംഗ് നടക്കുന്നതിനിടെയാണ് ശിശു വികസന പദ്ധതി ഓഫീസറെ നഗരസഭാ കൗൺസിലർമാർ ഉപരോധിച്ചത്. ഇതോടെ അങ്കണവാടി വർക്കർമാർ ശിശു വികസന പദ്ധതി ഓഫീസർക്ക് സംരക്ഷണത്തിനെത്തി. തുടർന്നാണ് സംഘർഷം ഉടലെടുത്തത്. ഒരു മണിക്കൂറോളം ഈ നില തുടർന്നപ്പോൾ മുക്കം എസ്.ഐ സജിത് സജീവിന്റെ നേതൃത്വത്തിൽ പോലീസെത്തി സമരക്കാരും സി.ഡി.പി.ഒ യുമായി സംസാരിച്ച് സമരം അവസാനിപ്പിക്കുകയായിരുന്നു. നിയമന ഉത്തരവിന്റെയും ഉത്തരവിന് അടിസ്ഥാനമാക്കിയ സർക്കാർ മാനദണ്ഡത്തിന്റെ പകർപ്പ് നൽകാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചതെന്നും ഇനി നിയമ പോരാട്ടം തുടരുമെന്നും യു.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. സമരത്തിന് കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.മധു, എം.കെ.യാസർ, കൃഷ്ണൻ വടക്കയിൽ, പി.റംല, ബിന്നി മനോജ്, വസന്തകുമാരി,റുബീന എന്നിവർ നേതൃത്വം നൽകി.