പുൽപ്പള്ളി: ജപ്തി ഭീഷണിയെ തുടർന്ന് ഇരുളത്തെ അഭിഭാഷകനായ ടോമി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. ബാങ്ക് തുറക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് രാവിലെ എഫ് ആർ എഫ് പ്രവർത്തകർ രംഗത്തെത്തി. ഉപരോധവുമായി ഉച്ചവരെ ഇവർ ബാങ്കിന് മുമ്പിൽ ഇരുന്നു. അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിനെതിരെ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എഫ്ആർഎഫ് സമരം അഡ്വ. കെ.എം.മനോജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ പി.എം.ജോർജ്ജ്, എ.സി.തോമസ്, എ.എൻ.മുകുന്ദൻ, പി.ജെ.ജോർജ്ജ്, എൻ.ജെ.ചാക്കോ, ടി.ഇബ്രാഹിം, അജയ് വർക്കി, ജോസ് നെല്ലേടം തുടങ്ങിയവർ സംസാരിച്ചു. തിങ്കളാഴ്ചയും ബാങ്കിനുമുന്നിൽ ഉപരോധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ട്.
ടോമിയുടെ മൃതദേഹം സംസ്‌കാരിച്ച ശേഷം സർവ്വകക്ഷി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ബാങ്കിലേക്ക് ബഹുജനമാർച്ചും ധർണയും നടത്തി. ബാങ്ക് മാനേജരുടെ പേരിൽ ആത്മഹത്യ പ്രേരണകുറ്റത്തിന് കേസെടുക്കുക, നിരാലംബമായ കുടുംബത്തിന്റെ സംരക്ഷണം ബാങ്കും സർക്കാരും ഏറ്റെടുക്കുക, മനുഷ്യത്വരഹിതമായ നടപടികൾ സ്വീകരിച്ച കേണിച്ചിറ പൊലീസിനെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
കെപിസിസി ജനറൽ സെക്രട്ടറി കെ.കെ.അബ്രഹാം ഉദ്ഘാടനം ചെയ്തു. ആക്‌ഷൻ കമ്മറ്റി ചെയർമാനും പൂതാടി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.എസ്.പ്രഭാകരൻ അദ്ധ്യക്ഷനായി. കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ്, പുൽപ്പള്ളി ഏരിയപ്രസിഡന്റ് എ.വി.ജയൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.പി.മധു, കെപിസിസി അംഗം കെ.എൽ.പൗലോസ്, മുസ്ലീം ലീഗ് ജില്ലാ കമ്മറ്റി അംഗം അയൂബ്, സിപിഐ നേതാവ് അഡ്വ.ഗീവർഗ്ഗീസ്, ജനതാദൾ സംസ്ഥാന കമ്മറ്റി അംഗം എ.പി.വർക്കി, കേരള കോൺഗ്രസ്-എം ജില്ലാ വൈസ് പ്രസിഡന്റ് എൻ.യു.വിൽസൻ എന്നിവർ പ്രസംഗിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ടി.ബി.സുരേഷ് സ്വാഗതവും ആക്ഷൻ കമ്മറ്റി കൺവീനർ പി.എം.ഷാജഹാൻ നന്ദിയും പറഞ്ഞു.

കേണിച്ചിറ സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച്

പുൽപ്പള്ളി: ടോമിയുടെ വീട് ജപ്തി ചെയ്യാൻ വന്ന ബാങ്ക് അധികൃതരെ സഹായിക്കാൻ വീട്ടിൽ അതിക്രമം നടത്തിയ കേണിച്ചിറ പൊലീസ് ഇൻസ്‌പെക്ടർ പി.പി.റോയിയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നടപടിക്കെതിരെ ഇരുളത്ത് രൂപീകരിച്ച സർവ്വകക്ഷി ആക്‌ഷൻ കൗൺസിൽ ഇന്ന് രാവിലെ കേണിച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് ബഹുജന മാർച്ച് നടത്തും.

ബാങ്ക് പ്രവർത്തിച്ചില്ല.
പുൽപ്പള്ളി: എഫ്.ആർ.എഫ്, സർവ്വകക്ഷി ആക്‌ഷൻ കൗൺസിൽ, വിവിധ സംഘങ്ങൾ എന്നിവയുടെ പ്രതിഷേധത്തെതുടർന്ന് ഇന്നലെ സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖ തുറന്ന് പ്രവർത്തിച്ചില്ല.