കൽപ്പറ്റ: പുളിയാർമല ഗവ. ഐടിഐ കോളേജിൽ വിദ്യാർഥി സംഘർഷം. എസ്.എഫ്‌.ഐ, യു.ഡി.എസ്.എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്.
കോളേജ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു സംഘർഷം. സംഘർഷത്തിനിടെ കൽപ്പറ്റ എസ് ഐ പി.പി.അഖിലിന് പരിക്കേറ്റു.

വോട്ടെണ്ണൽ നടക്കുന്നതിനിടെ എസ്എഫ്‌ഐ, യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഘർഷത്തിൽ എംഎസ്എഫ് മണ്ഡലം പ്രസിഡന്റ് ഫായിസ് തലക്കലിന് മർദ്ദനമേറ്റു. സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് എസ് ഐ അഖിലിന് മർദ്ദനമേറ്റത്.

എസ്എഫ്‌ഐ പ്രവർത്തകരാണ് എസ്‌ഐയെ കൈയേറ്റം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പരിക്കേറ്റ ഫായിസും എസ് ഐ അഖിലും കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
എസ്എഫ്‌ഐ വനിതാ നേതാക്കളെ പൊലീസ് മർദ്ദിച്ചതായി എസ്എഫ്‌ഐ ആരോപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അപർണ്ണ, ജില്ലാ കമ്മിറ്റി അംഗം അദീന എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവർ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കോളേജ് തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്‌ഐ പ്രവർത്തകർ കൽപറ്റയിൽ പ്രകടനം നടത്തി.