കൽപ്പറ്റ: എസ്.എഫ്.ഐ ജില്ലാ ഓഫീസിൽ പൊലീസ് അതിക്രമം നടത്തിയതായി പരാതി. വിദ്യാർത്ഥി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെ ആക്രമിച്ച പ്രതികളെ പിടികൂടാനെന്ന പേരിൽ എത്തിയ പൊലീസുകാർ എസ്.എഫ്.ഐ ജില്ലാ ഓഫീസായ അഭിമന്യൂ സെന്ററിൽ അതിക്രമം നടത്തിയതായാണ് പരാതി. ഓഫീസിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് സി.പി.എം ജില്ലാ ഓഫീസിൽ നിന്ന് പ്രവർത്തകർ ഓടിയെത്തി.
ഇതിനിടയിൽ പൊലീസുകാർ സ്ഥലത്തുനിന്ന് പോയിരുന്നു. തുടർന്ന് സി.പി.ഐ പ്രവർത്തകർ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് രംഗം ശാന്തമാക്കിയത്. കൽപ്പറ്റ എസ്.ഐ പി.പി.അഖിലിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയതെന്ന് എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു.